ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. കളർകോട് കപ്പക്കട ഭാഗത്തെ വർക്‌ഷോപ്പിൽനിന്ന് കൊമ്മാടി ഭാഗത്തുള്ള വർക്‌ഷോപ്പിലേക്ക് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുകയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്.

യാത്രയ്ക്കിടെ വാഹനത്തിനുള്ളിൽ നിന്ന് പെട്ടെന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവറും കൂടെയുണ്ടായിരുന്ന ആളും ഉടൻ തന്നെ പുറത്തിറങ്ങി ഓടി മാറിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. നിമിഷങ്ങൾക്കകം തീ പടർന്നുപിടിച്ച് മിനി ലോറിയുടെ ക്യാബിൻ പൂർണമായും കത്തിനശിച്ചു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘമാണ് തീ പൂർണമായി അണച്ചത്. വാഹത്തിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ഫയർഫോഴ്‌സ് അധികൃതർ പ്രാഥമിക നിഗമനത്തിൽ വ്യക്തമാക്കി.

