ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസ്: ഭാര്യാമാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

കൽപ്പറ്റ: ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ അദ്ദേഹത്തിന്റെ ഭാര്യാമാതാവ് ലില്ലി ജോസ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി തള്ളി. നിലവിൽ കേസിൽ ഇവർ പ്രതിയല്ലെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി.അതേസമയം, അന്വേഷണത്തിനിടയിൽ ഭാവിയിൽ ഇവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയാണെങ്കിൽ, മുൻകൂട്ടി നോട്ടീസ് നൽകിയ ശേഷം മാത്രമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാവൂ എന്ന് കോടതി എക്‌സൈസിന് നിർദ്ദേശം നൽകി. പ്രതിഭാഗത്തിന്റെ ഈ ആവശ്യം വിചാരണക്കോടതി അംഗീകരിക്കുകയായിരുന്നു.

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലുള്ള വീട്ടിൽനിന്ന് അനധികൃത മദ്യം പിടികൂടിയ കേസിലാണ് ലില്ലി ജോസ് മുൻകൂർ ജാമ്യം തേടിയത്. വാഴവറ്റയിലെ വീട് തന്റെ പേരിലല്ലെന്നും ലില്ലി ജോസിന്റെ പേരിലാണെന്നും ആന്റോ അഗസ്റ്റിൻ നേരത്തെ ഹൈക്കോടതിയിലടക്കം വാദിച്ചിരുന്നു. സംഭവത്തിൽ മൊഴിയെടുക്കാൻ എക്‌സൈസ് ഉദ്യോഗസ്ഥർ പലതവണ ശ്രമിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല. തുടർന്ന് അറസ്റ്റ് ഭയന്നാണ് ലില്ലി ജോസ് സെഷൻസ് കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *