മദ്യപാനം പതിവായിരുന്ന മുഹമ്മദ് മുംതാബ് മിയാൻ വീട്ടിൽ വഴക്കിടുന്നത് പതിവായിരുന്നു. ഇതിനിടെ ഭാര്യ റോഷൻ കാത്തൂൺ ബിഹാർ സ്വദേശിയായ ഹസന്നാൻ എന്ന 38കാരനുമായി അടുപ്പത്തിലായി. ഇവർ പ്ലാൻ ചെയ്ത് മുഹമ്മദിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ്.
തൃശൂർ: കുന്നംകുളം മരത്തംകോട് അതിഥി തൊഴിലാളിയെ വാടക ക്വാട്ടേർഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. ബീഹാർ സ്വദേശി മുഹമ്മദ് മുംതാബ് മിയാനാണ് ( 41) കൊല്ലപ്പെട്ടത്. ഭാര്യയും കാമുകനും ചേർന്നാണ് കൊലപാതകം നടത്തിയത്. ഇവർ പൊലീസ് കസ്റ്റഡിയിലുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 7.30 നാണ് മരത്തംകോട് പുതിയമാത്തൂർ ചിറപുറത്തുള്ള വാടക ക്വാട്ടേഴ്സിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഭാര്യയും കുടുംബാംഗങ്ങളും പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ മുഹമ്മദ് മുംതാബിൻറെ കഴുത്തിൽ ചില അടയാളങ്ങൾ കണ്ടെത്തിൽ പൊലീസിന് സംശയം തോന്നിയിരുന്നു.
പോസ്റ്റ് മോർട്ടത്തിനു മുമ്പ് സർജനോട് പൊലീസ് ഇക്കാര്യങ്ങൾ പങ്കുവെച്ചു. പോസ്റ്റ്മോർട്ടത്തിൽ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയായിരുന്നു. മുഹമ്മദിൻറെ കഴുത്തു ഞെരിച്ചിട്ടുണ്ടെന്നും മുഖവും വായയും പൊത്തിപ്പിടിച്ചിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കി. തുടർന്ന് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ഭാര്യയേയും കാമുകനേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കെട്ടിടനിർമാണ തൊഴിലാളിയായിരുന്ന മുഹമ്മദ് മുംതാബും കുടുംബവും ബീഹാറിൽ നിന്ന് എട്ടു വർഷം മുമ്പാണ് ജോലി തേടി തൃശൂരിൽ എത്തുന്നത്. മദ്യപാനം പതിവായിരുന്ന മുഹമ്മദ് മുംതാബ് മിയാൻ വീട്ടിൽ വഴക്കിടുന്നത് പതിവായിരുന്നു. ഇതിനിടെ ഭാര്യ റോഷൻ കാത്തൂൺ ബിഹാർ സ്വദേശിയായ ഹസന്നാൻ എന്ന 38കാരനുമായി അടുപ്പത്തിലായി. ഇവർ പ്ലാൻ ചെയ്ത് മുഹമ്മദിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കുന്നംകുളം എ.സി.പി ഷാജു കെ.എബ്രഹാം, സി.ഐ. അനിൽകുമാർ ടി മേപ്പുള്ളി, എസ്.ഐ രോഹിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ഡോഗ് സ്കോഡും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

