തിരുവനന്തപുരം: നവംബർ മുതൽ വീണ്ടും കേരളം ഇരുട്ടിലേക്ക്. അടുത്തമാസം രാത്രികളിൽ 1,280 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ടായേക്കും. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുകയാണെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
ഒരു മാസത്തെ ഇടവേളക്കുശേഷമാണ് സംസ്ഥാനത്ത് വീണ്ടും ലോഡ് ഷെഡിങ്ങിനുള്ള സാധ്യത ഒരുങ്ങുന്നത്. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കെഎസ്ഇബിയുടെ ശ്രമങ്ങൾക്ക് റെഗുലേറ്ററി കമ്മീഷൻ അംഗീകാരം നൽകാത്തതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. കെഎസ്ഇബി റെഗുലേറ്ററി കമ്മീഷന് നൽകിയ പെറ്റീഷൻ വില കൂടുതൽ എന്ന് പറഞ്ഞാണ് കമ്മീഷൻ നിരസിച്ചത്. ഇത് കൂടാതെ പ്രതിസന്ധി വ്യക്തമാക്കി കെഎസ്ഇബി സർക്കാറിന് കഴിഞ്ഞ മാസം നൽകിയ കത്ത് വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയെങ്കിലും അതിലും ഇതുവരെയും തീരുമാനമായിട്ടില്ല. എന്നാൽ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണ് സർക്കാറെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.
ഇതിനിടെ കേരളം കാലതാമസം വരുത്തിയതിനാൽ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി നൽകാമെന്ന് ഏറ്റിരുന്ന ഹിമാചൽ പ്രദേശ് ഇതിൽ നിന്നും പിന്മാറിയിട്ടുണ്ട്. കൂടാതെ മാർക്കറ്റിൽ നിന്നുള്ള വൈദ്യുതി ലഭ്യത ഇപ്പോഴും പഴയതുപോലെ ആയിട്ടില്ലെന്ന് കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി പി എസ് പ്രശാന്ത് പറഞ്ഞു. ഇതോടെ അടുത്തമാസം രാത്രികളിൽ 1280 മെഗാ വാട്ടിന്റെ കുറവ് സംസ്ഥാനത്ത് ഉണ്ടാകും. അത് പരിഹരിക്കാൻ രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണം കൊണ്ടുവരേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
