വൈദേകം നിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണത്തിൽ വക്കീൽ നോട്ടീസ് അയച്ച് ഇ പി ജയരാജൻ. സഹോദരിയുടെ മകൻ ഇ പി ശ്യാംജിത്തിനും വാർത്ത പുറത്തുവിട്ട ചാനലിനും ആണ് വക്കീൽ നോട്ടീസ് അയച്ചത്.
കണ്ണൂർ: വൈദേകം ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ട നിക്ഷേപ ആരോപണത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് ഇ പി ജയരാജൻ. സഹോദരിയുടെ മകൻ ഇ പി ശ്യാംജിത്തിനും വാർത്ത പുറത്തുവിട്ട ചാനലിനും ആണ് വക്കീൽ നോട്ടീസ് അയച്ചത്. 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.
സിഎംആർഎൽ എംഡിയായിരുന്ന ശശിധരൻ കർത്തയുടെ പണമാണ് ഇ.പി. ജയരാജന്റെ ഭാര്യ പി കെ ഇന്ദിര വൈദേകത്തിൽ നിക്ഷേപിച്ചതെന്നായിരുന്നു ഇപിയുടെ സഹോദരിയുടെ മകൻ ശ്യാംജിത്തിൻ്റെ ആരോപണം. സഹകരണ ബാങ്കിൽനിന്ന് വിരമിച്ച ഒരാൾക്ക് എത്ര രൂപ ആനുകൂല്യമായി കിട്ടുമെന്നും ഇതാണോ പി കെ ഇന്ദിര വൈദേകത്തിൽ നിക്ഷേപിച്ചതെന്നും ആയിരുന്നു ചോദ്യം. ശ്യാംജിത്തിൻറെ ആരോപണങ്ങൾ പൂർണമായും നിഷേധിക്കുകയാണ് വൈദേകം മാനേജ്മെൻറ്. സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ശ്യാംജിത്തിൻറെ ഭാര്യ ദീപയെ വൈദേകത്തിൽ നിന്ന് പുറത്താക്കിയിരുന്നു. പൊലീസിൽ പരാതിയും നൽകി. ഇതിൻറെ പ്രതികാരമാകാം ആരോപണത്തിന് പിന്നിലെന്നാണ് വൈദേകം മാനേജ്മെൻ്റിൻ്റെ പ്രതികരണം.
