ചേരാനല്ലൂർ വാഹനാപകടക്കേസ്: അഡീഷണൽ സെഷൻസ് ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; അന്വേഷണവുമായി സഹകരിക്കാൻ നിർദേശം

എറണാകുളം: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പതിനേഴുകാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ജഡ്ജി സഹകരിക്കുന്നുണ്ടെന്നും എന്തിനാണ് അറസ്റ്റെന്നും കോടതി. തെളിവ് നശിപ്പിച്ചെങ്കിൽ കണ്ടെത്തണമെന്നും കോടതി നിർദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാവാൻ കോടതി നിർദേശം നൽകി.

വാഹനാപകടത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനിൽ നേരിട്ട് പോയതിൽ കോടതിക്ക് അഡീഷണൽ സെഷൻസ് ജഡ്ജ് വിശദീകരണം നൽകിയിരുന്നു. പിതാവെന്ന നിലയിലാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഔദ്യോഗിക ആവശ്യങ്ങൾക്ക് പൊലീസ് സ്റ്റേഷനിൽ പോകാനാണ് ജില്ലാ ജഡ്ജിയുടെ അനുമതി വേണ്ടതെന്നും ജഡ്ജിയുടെ വിശദീകരണം.

തനിക്കെതിരെ നരഹത്യാ വകുപ്പ് നിലനിൽക്കില്ലെന്ന് ഹൈക്കോടതിയിൽ നൽകിയ ജാമ്യഹർജിയിൽ ജഡ്ജി ചൂണ്ടിക്കാട്ടുന്നു. തന്നെ അറിയിക്കാതെ മകൻ കാറുമായി പുറത്തുപോയി. അപകടവിവരം അറിഞ്ഞത് പുലർച്ചെ 2.14നാണെന്നും പറയുന്നു. മരണത്തിന് കാരണമാകാവുന്ന പ്രവൃത്തിയാണെന്ന അറിവോ കുറ്റകരമായ മാനസികാവസ്ഥയോ തനിക്കുണ്ടായിരുന്നില്ല. മകന് വാഹനം ഓടിക്കാൻ അനുമതി നൽകിയിട്ടില്ല. അപകടസമയത്ത് താൻ ഉറക്കത്തിലായിരുന്നു. വാഹനത്തിന്റെ ഉടമസ്ഥത മാത്രം കുറ്റത്തിന് അടിസ്ഥാനമാകില്ല – ജഡ്ജ് വ്യക്തമാക്കുന്നു.

വീട്ടിലെ പരിശോധന പൂർത്തിയായി. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്. ഒളിവിൽ പോകില്ല. തന്റെ അറസ്റ്റ് അനിവാര്യമല്ലെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു. വാഹനം ഓടിച്ച 17കാരന്റെ പിതാവായ സെഷൻസ് ജഡ്ജിയെ പൊലീസ് പ്രതിച്ചേർത്തിരുന്നു. കേസിൽ ജഡ്ജിയെ ചോദ്യം ചെയ്തിരുന്നു. അറസ്റ്റ് അനുമതി തേടി പൊലീസ് ഹൈകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ജഡ്ജി മുൻകൂർ ജാമ്യപേക്ഷ നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *