തമിഴ്നാട്ടിലെ ജയിൽച്ചാട്ടം: അപസ്മാരം അഭിനയിച്ച് ആസൂത്രിതനീക്കം, 17 തടവുകാരിൽ നാലുപേർ അറസ്റ്റിൽ; 17 പൊലീസ് സംഘങ്ങൾ, വ്യാപക തെരച്ചിൽ

സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ ഊർജിത തെരച്ചിലിനിടെയാണ് ചൊവ്വാഴ്ച മൂന്നുപേരെ കൂടി പിടികൂടിയത്. രക്ഷപ്പെട്ടവരിൽ ഒരാളെ കഴിഞ്ഞദിവസം രാത്രി തന്നെ അറസ്റ്റ് ചെയ്തിരുന്നു. പ്രവീൺ കുമാർ എന്നയാളാണ് കഴിഞ്ഞദിവസം തന്നെ പൊലീസിന്റെ പിടിയിലായത്. ഇതിനുപിന്നാലെയാണ് തേനി സ്വദേശിയായ ചിലമ്പരശൻ, മധുര സ്വദേശികളായ രാജാ സിക്കന്ദർ, രാജ്കുമാർ എന്നിവരെയും പിടികൂടിയത്.
തേനി: തമിഴ്നാട്ടിലെ തേനി ജില്ലയിലെ ആണ്ടിപ്പെട്ടി തേക്കാംപെട്ടി സബ് ജയിലിൽനിന്ന് രക്ഷപ്പെട്ട 17 തടവുകാരിൽനാലുപേർ പിടിയിലായി. സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ ഊർജിത തെരച്ചിലിനിടെയാണ് ചൊവ്വാഴ്ച മൂന്നുപേരെ കൂടി പിടികൂടിയത്. രക്ഷപ്പെട്ടവരിൽ ഒരാളെ കഴിഞ്ഞദിവസം രാത്രി തന്നെ അറസ്റ്റ് ചെയ്തിരുന്നു.

പ്രവീൺ കുമാർ എന്നയാളാണ് കഴിഞ്ഞദിവസം തന്നെ പൊലീസിന്റെ പിടിയിലായത്. ഇതിനുപിന്നാലെയാണ് തേനി സ്വദേശിയായ ചിലമ്പരശൻ, മധുര സ്വദേശികളായ രാജാ സിക്കന്ദർ, രാജ്കുമാർ എന്നിവരെയും പൊലീസ് പിടികൂടിയത്. ഇനി 13 തടവുകാരെ കൂടി കണ്ടെത്താനുണ്ട്.കഴിഞ്ഞ ദിവസമാണ് സുരക്ഷാ ജീവനക്കാരെ ആക്രമിച്ചശേഷം 17 തടവുകാർ ജയിൽചാടിയത്. തടവുകാരിൽ ഒരാൾ അപസ്മാരബാധിതനായി അഭിനയിച്ച് ആസൂത്രിതമായിട്ടായിരുന്നു ജയിൽച്ചാട്ടം. തടവുകാരന് ആരോ​ഗ്യപ്രശ്നങ്ങളുണ്ടെന്ന വിവരമറിഞ്ഞ് സുരക്ഷാ ജീവനക്കാർ സെല്ലിലേക്ക് വന്നിരുന്നു. ഈ സമയം സുരക്ഷാ ജീവനക്കാരെയും മറ്റ് ജയിൽ ഉദ്യോ​ഗസ്ഥരെയും ആക്രമിച്ചാണ് 17 തടവുകാരും കടന്നുകളഞ്ഞത്.

ജയിൽ ചാടിയ തടവുകാരെ കണ്ടെത്താനായി സംസ്ഥാന വ്യാപകമായി തമിഴ്നാട് പൊലീസ് തെരച്ചിൽ തുടരുകയാണ്. ദക്ഷിണ മേഖലാ ഐജി വിജയേന്ദ്ര ബിദരിയുടെ നേതൃത്വത്തിൽ 17 പ്രത്യേകസംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് പരിശോധന നടത്തുന്നത്. സംസ്ഥാനത്തെ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചും തെരച്ചിൽ നടക്കുന്നുണ്ട്. തടവുകാർ സംസ്ഥാനം വിടാൻ സാധ്യതയുള്ളതിനാൽ കർണാടക, കേരള അതിർത്തികളിലും ജാ​ഗ്രതാ നിർദേശമുണ്ട്. സംഭവത്തെത്തുടർന്ന് ജയിൽ ഡിജിപി സന്ദീപ് റായി ചൊവ്വാഴ്ച രാവിലെ ചെന്നൈയിൽനിന്ന് തേനിയിലേക്ക് തിരിച്ചു. ജയിലിലെ സുരക്ഷാവീഴ്ചയിലടക്കം ഡിജിപി വിവരങ്ങൾ തേടി. അതിനിടെ, തടവുകാരെ കണ്ടെത്താനായി തേനി പൊലീസ് പൊതുജനങ്ങളോടും സഹായം അഭ്യർഥിച്ചിട്ടുണ്ട്. ഇവരുടെ ചിത്രങ്ങളും പേരുവിവരങ്ങളും തേനി പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്നാണ് നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *