കൊല്ലം: സിനിമയിൽ വേഷം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ കൊല്ലം രണ്ടാംകുറ്റി സ്വദേശി നാസിമിനെതിരെ (75) കൊല്ലം വനിതാ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.മൂന്ന് പേർ ചേർന്ന് നിർമ്മിക്കുന്ന സിനിമയിൽ താനാണ് നിർമ്മാതാവെന്നും ചിത്രത്തിൽ പ്രധാന വേഷം നൽകാമെന്നും വിശ്വസിപ്പിച്ചാണ് പ്രതി പെൺകുട്ടിയെ സമീപിച്ചത്. തുടർന്ന് അഭിനയിക്കാനുള്ള അവസരത്തിനായി നാസിം പെൺകുട്ടിയുടെ കൈയിൽ നിന്ന് 10,000 രൂപ വാങ്ങുകയും ചെയ്തു.

എന്നാൽ ഏറെ നാളായിട്ടും സിനിമയുടെ കാര്യത്തിൽ പുരോഗതി ഉണ്ടാകാത്തതിനെ തുടർന്ന് പെൺകുട്ടി നൽകിയ പണം തിരികെ ആവശ്യപ്പെട്ടു. തുടർന്ന് പണം രണ്ടാംകുറ്റി ജംക്ഷനിൽ വെച്ച് തിരികെ നൽകാമെന്ന് പറഞ്ഞ് പ്രതി പെൺകുട്ടിയെ കാറിൽ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പണം വീട്ടിലുണ്ടെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ഉപദ്രവിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.
പീഡനത്തിനിരയാകുന്നതിനിടയിൽ പെൺകുട്ടി തന്റെ സുഹൃത്തിന്റെ സഹായം തേടുകയും ഫോണിൽ താൻ നിൽക്കുന്ന സ്ഥലത്തിന്റെ ലൈവ് ലൊക്കേഷൻ അയച്ചു കൊടുക്കുകയും ചെയ്തു. ഉടൻതന്നെ സുഹൃത്ത് സ്ഥലത്തെത്തുകയും പെൺകുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. തുടർന്ന് പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

