ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിനിയും യുവാവും മരിച്ച നിലയിൽ; മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കാപ്പാട് വികാസ് നഗർ പാണംകുളം കുനി അവനിക (14), തിരുവങ്ങൂർ കോഴിപ്പറമ്പത്ത് പാർഥിബ് (17) എന്നിവരാണ് മരിച്ചതെന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു.ഞായറാഴ്ച വൈകിട്ട് 5.45-ഓടെ ചേമഞ്ചേരി റെയിൽവേ സ്റ്റേഷന്റെ തെക്ക് ഭാഗത്തുവെച്ചായിരുന്നു അപകടം. മംഗലാപുരം – ചെന്നൈ മെയിൽ തട്ടിയാണ് അപകടമുണ്ടായത്.

ട്രെയിൻ തട്ടി മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നതിനാൽ ആദ്യഘട്ടത്തിൽ മരിച്ചവരെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.ദേശീയപാതയും റെയിൽവേ ട്രാക്കും അടുത്തടുത്തു വരുന്ന ഭാഗത്താണ് അപകടം സംഭവിച്ചത്. വിവരം അറിഞ്ഞ ഉടൻതന്നെ നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ ആംബുലൻസിൽ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ മോർച്ചറി സൗകര്യം ലഭ്യമല്ലാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച

രാത്രി ഏറെ വൈകി ബന്ധുക്കൾ മെഡിക്കൽ കോളേജ് മോർച്ചറിയിൽ എത്തിയ ശേഷമാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.മരിച്ച അവനിക കാപ്പാട് പാണംകുളം കുനി സുരേഷ്–റീന ദമ്പതികളുടെ മകളാണ്. തിരുവങ്ങൂർ കോയിപ്പറമ്പത്ത് സുബീഷ്–സുനിഷ ദമ്പതികളുടെ മകനാണ് പാർഥിബ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *