ഡോക്ടറെന്നും എൻജിനീയറെന്നും വ്യാജ പരസ്യം നൽകി വിവാഹത്തട്ടിപ്പ്: സ്ത്രീകളെ വഞ്ചിച്ച കേസിൽ പ്രതി പിടിയിൽ

വയനാട്: പത്രങ്ങളിലും മാട്രിമോണിയൽ വെബ്‌സൈറ്റുകളിലും ഡോക്ടറെന്നും എൻജിനീയറെന്നും വ്യാജ പരസ്യം നൽകി പെൺകുട്ടികളെ വിവാഹവാഗ്ദാനം നൽകി വഞ്ചിക്കുകയും സാമ്പത്തിക-ലൈംഗിക ചൂഷണങ്ങൾ നടത്തുകയും ചെയ്ത സംഭവത്തിൽ തട്ടിപ്പുകാരൻ പിടിയിൽ. വയനാട് മാനന്തവാടി ആന്തിക്കാംപൊയ്യിൽ സ്വദേശി ബിജു ആന്റണിയെയാണ് (45) ആറുവർഷത്തെ തിരച്ചിലിനൊടുവിൽ സുൽത്താൻ ബത്തേരി മാടയ്ക്കലിലെ വാടക ക്വാർട്ടേഴ്‌സിൽ നിന്ന് ചേർത്തല പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലാകുമ്പോഴും ഇയാൾക്കൊപ്പം മറ്റൊരു സ്ത്രീയുമുണ്ടായിരുന്നു.

ചേർത്തല പട്ടണക്കാട് സ്വദേശിയായ യുവതിയുടെ പരാതിയിൽ നടന്ന അന്വേഷണമാണ് തട്ടിപ്പുകാരനിലേക്ക് വഴിതിരിച്ചത്. 2020-ൽ ‘സുരേഷ്’ എന്ന വ്യാജപേരിൽ പരിചയപ്പെട്ട് വയലാർ ക്ഷേത്രത്തിൽ വെച്ച് യുവതിയെ വിവാഹം കഴിച്ച പ്രതി, വാടകവീട്ടിൽ താമസിച്ച് അമ്മയിൽ നിന്ന് പണവും യുവതിയുടെ ഏഴുപവനോളം വരുന്ന സ്വർണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. ചേർത്തല പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി ബിജു ആന്റണിയാണെന്ന് തിരിച്ചറിഞ്ഞത്.

സമാനമായ രീതിയിൽ കാസർകോട് മഞ്ചേശ്വരത്ത് ‘രാജേഷ്’ എന്ന പേരിൽ വ്യാജ പരസ്യം നൽകി തളിപ്പറമ്പ് സ്വദേശിനിയായ യുവതിയെ ലോഡ്ജിൽ എത്തിച്ച് ബലാത്സംഗം ചെയ്യുകയും സ്വർണം കവരുകയും ചെയ്ത കേസും ഇയാൾക്കെതിരെയുണ്ട്. മുൻപ് കണ്ണൂർ, തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനുകളിലെ മോഷണക്കേസുകളിൽ തടവുശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതിക്ക് സുൽത്താൻ ബത്തേരിയിൽ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

പോലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലിൽ നൂറോളം സ്ത്രീകളെ സമാനമായ രീതിയിൽ വ്യാജ പേരുകളിൽ വഞ്ചിച്ചതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. ആശുപത്രിയോ ഹോട്ടലോ തുടങ്ങാനെന്ന വ്യാജേന ഇരകളുടെ കുടുംബങ്ങളിൽ നിന്ന് കോടികളുടെ പണവും സ്വർണ്ണവുമാണ് ഇയാൾ കവർന്നിട്ടുള്ളത്. അപമാനം ഭയന്ന് പലരും പരാതി നൽകാൻ മടിച്ചതാണ് പ്രതിക്ക് തണലായത്. സംഭവത്തിൽ വിപുലമായ അന്വേഷണത്തിനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *