തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ ഗതാഗത സ്ഥാപനമായ കെ.എസ്.ആർ.ടി.സി.യുടെ ദാരുണമായ അവസ്ഥ വെളിപ്പെടുത്തുന്ന ഔദ്യോഗിക വിവരങ്ങൾ പുറത്ത്. സ്വിഫ്റ്റ് ഉൾപ്പെടെ ആകെ ലഭ്യമായ 5,755 ബസുകളിൽ 665 എണ്ണം അറ്റകുറ്റപ്പണികൾക്കായി സർവീസ് നടത്താനാവാതെ കട്ടപ്പുറത്താണെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. വിവരാവകാശ പ്രവർത്തകനായ മുഹമ്മദ് അഷറഫ് എ.എസ്. നൽകിയ അപേക്ഷയ്ക്ക് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
കോർപ്പറേഷൻറെ പക്കലുള്ള ബസുകളിൽ ഏറ്റവും കൂടുതൽ ഓർഡിനറി വിഭാഗത്തിലാണ്—2,988 എണ്ണം. സി.എഫ്. റിപ്പയർ, അപകടങ്ങൾ മൂലമുള്ള കേടുപാടുകൾ എന്നിവ കാരണം വർക്ക്ഷോപ്പുകളിൽ കിടക്കുന്നത് 281 ഓർഡിനറി ബസുകളും, 58 ജെ.എൻ.എൻ.യു.ആർ.എം. നോൺ-എസി ബസുകളും, 50 ഫാസ്റ്റ് പാസഞ്ചറുകളും ഉൾപ്പെടെയാണ്. ഏഴ് വാഹനങ്ങൾ നിലവിൽ പോലീസ് കസ്റ്റഡിയിലുമാണ്.

സംസ്ഥാനത്ത് ഓടുന്ന ഭൂരിഭാഗം ബസുകളും കാലാവധി കഴിഞ്ഞവയാണെന്നും കണക്കുകൾ സ്ഥിരീകരിക്കുന്നു. 1,892 ഓർഡിനറി ബസുകളും 22 ജെൻറം വോൾവോ ലോ ഫ്ലോർ എസി ബസുകളും ഉൾപ്പെടെ 1,914 ബസുകൾക്ക് 15 വർഷത്തിലധികം പഴക്കമുണ്ട്. ഇത്തരം കാലപ്പഴക്കം ചെന്ന 82 ബസുകൾ സ്ക്രാപ്പ് ചെയ്ത് എം/എസ് എം.എസ്.ടി.സി. (M/s MSTC) മുഖേന ലേലം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മറുപടിയിൽ പറയുന്നു.
അതിനിടെ, സ്ഥാപനത്തിന്റെ വരവ്-ചെലവ് കണക്കുകളും വൻ സാമ്പത്തിക ബാധ്യതയും പുറത്തുവന്നിട്ടുണ്ട്. സി.എ.ജി. ഓഡിറ്റ് ചെയ്ത കണക്കുകൾ പ്രകാരം കെ.എസ്.ആർ.ടി.സി.യുടെ ആകെ ബാധ്യതകളും ആസ്തികളും 20,157 കോടിയിലധികം രൂപയാണെന്ന് അധികൃതർ വ്യക്തമാക്കി.

