ട്രെയിൻ യാത്രക്കാരിയുടെ 3 പവൻ സ്വർണമാല മോഷ്ടിച്ചു, അറസ്റ്റിലായതിന് പിന്നാലെ ജാമ്യത്തിലിറങ്ങി മുങ്ങി; 22 വർഷത്തിന് ശേഷം പിടിയിൽ

ട്രെയിനിൽ നിന്ന് യാത്രക്കാരിയുടെ 25 ഗ്രാം തൂക്കമുള്ള സ്വർണമാല മോഷ്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 22 വർഷത്തിനു ശേഷം റെയിൽവേ പൊലീസ് പിടികൂടി
ആലപ്പുഴ: ട്രെയിനിൽ നിന്ന് യാത്രക്കാരിയുടെ 25 ഗ്രാം തൂക്കമുള്ള സ്വർണമാല മോഷ്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 22 വർഷത്തിനു ശേഷം റെയിൽവേ പൊലീസ് പിടികൂടി. തിരുവനന്തപുരം കഠിനംകുളം തെരുവിൽ തൈവിളവീട്ടിൽ എ സഫീറിനെയാണ് (43) കോഴിക്കോടു നിന്ന് ആലപ്പുഴ റെയിൽവേ പൊലീസ് പിടികൂടിയത്. 2004 ജൂൺ 24-നാണ് കേസിനാസ്പദമായ സംഭവം. ചെന്നൈ എഗ്മൂർ എക്സ്പ്രസ് ട്രെയിനിൽ നിന്ന് ആലപ്പുഴ വഴി അമ്പലപ്പുഴയിലേക്കു സഞ്ചരിക്കുകയായിരുന്ന തൃപ്പൂണിത്തുറ സ്വദേശിനിയായ യാത്രക്കാരിയുടെ മാലയാണ് സഫീറടക്കമുള്ള മൂന്നംഗസംഘം ചേർന്ന് കവർന്നത്. സംഭവത്തിനു ശേഷം അമ്പലപ്പുഴയിൽ ഇറങ്ങി രക്ഷപ്പെട്ട പ്രതികളെ മൂവരെയും അറസ്റ്റ് ചെയ്യുകയും ഇവർക്ക് പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു.

കോടതിയിൽ വിചാരണ നടപടി നേരിടുമ്പോഴാണ് മൂന്നാം പ്രതിയായ സഫീർ ഒളിവിൽ പോയത്. സഫീർ വിദേശത്തേക്കാണ് മുങ്ങിയത്. അവിടെ വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞു. വിദേശത്തുനിന്ന് കേരളത്തിലേക്ക് തിരികെയെത്തിയ സഫീർ കോഴിക്കോട് വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു. ഒരാഴ്ചയായി റെയിൽവേ പൊലീസിൻറെ നിരീക്ഷണത്തിലായിരുന്ന പ്രതിയെ കോഴിക്കോട്ട് നിന്നാണ് പിടികൂടിയത്. റെയിൽവേ എസ്എച്ച്ഒ കെബിജോയ് കുമാറിൻറെ നേതൃത്വത്തിൽ ജിഎസ്ഐ ഷാജഹാൻ, ജിഎസ്സിപിഒ എസ് പ്രജിത്ത്, സിപിഒ കെവൈമാർട്ടിൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *