ചാർട്ടേർഡ് ഫ്ലൈറ്റ് വിവാദം: യാത്രാച്ചെലവ് വഹിച്ചതാര്?; മുഖ്യമന്ത്രിയുടെ മറുപടിക്കായി കാത്ത് കേരളം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ ദുരൂഹത നീങ്ങുന്നില്ല. യാത്രാ ചെലവ് വഹിച്ചത് ആരെന്നതിൽ അവ്യക്ത തുടരുന്നു. ഇനി ബുധനാഴ്ചയേ ഇതേക്കുറിച്ച് വിശദീകരണമുള്ളൂവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൻറെ നിലപാട്. മുതലാളിമാരെ ഉപയോഗിച്ച് കേരളം ഭരിക്കുമെന്ന് ധാർഷ്ട്യമാണ് മുഖ്യമന്ത്രിക്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിക്കുമ്പോൾ കെപിസിസി പ്രസി‍ഡൻറ് കൃത്യമായ മറുപടി പറയാതെ ഒഴിഞ്ഞു മാറി.

ആകാശ യാത്രയിൽ വിവാദം ഉയരെ നിൽക്കുന്നുവെങ്കിലും സ്പോൺസറുടെ പേര് മുഖ്യമന്ത്രി പറയില്ല. സർക്കാരുമായി ഹെലികോപ്ടർ കരാർ പുതുക്കാൻ അപേക്ഷിച്ച് കാത്തു നിൽക്കുന്ന ചിപ്സൺ ഏവിയേഷനോടാണ് ഉടമ യാത്രാക്കൂലി ചോദിച്ചത്. കർണാടകയിലെ കോൺഗ്രസ് മന്ത്രി കെ.ജെ ജോർജ്ജിൻറെ കുടുംബത്തിൻറെ കമ്പനിയായ കേളചന്ദ്രയാണ് ഉടമ. കമ്പനി ചിപ്സൺ ഏവിയേഷനോട് ജിഎസ്ടി ഉൾപ്പടെ ചോദിച്ചത് 19.88 ലക്ഷം രൂപയായിരുന്നു. തുക ചിപ്സൺ കൊടുത്തോ, കൊടുക്കുമോ എന്നതിൽ വ്യക്തതയില്ല. അതോ ചിപ്സണ് വേറെ ആരെങ്കിലും പണം കൊടുക്കുമോയെന്നതും കേള ചന്ദ്ര വെറും ഇൻവോയിസിൽ ഒതുക്കുമോ എന്നതിലും വ്യക്തതയില്ല. ഇതുവരെ കേളചന്ദ്രയും പ്രതികരിച്ചിട്ടില്ല. പണമിടാപാടിനെക്കുറിച്ച് ചിപ്സണും ഒന്നും പറഞ്ഞിട്ടില്ല.

പതിവു പോലെ മന്ത്രിസഭാ യോഗത്തിന് ശേഷമേ മുഖ്യമന്ത്രി മാധ്യമങ്ങളെ ഈ വിഷയത്തിൽ കാണൂവെന്ന് അദ്ദേഹത്തിൻറെ ഓഫീസും പറയുന്നു. എന്നാൽ വിഷയം സജീവമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. സുതാര്യത വേണമെന്ന അഭിപ്രായം കോൺഗ്രസിൽ ഒരു വിഭാഗത്തിനുണ്ട്. മുഖ്യമന്ത്രി തുറന്നു പറയാത്തതിൽ അതൃപ്തിയും കോൺ​ഗ്രസിലെ ഒരു വിഭാ​ഗം നേതാക്കൾക്കുണ്ട്. വിമാന, വിദേശ, കാർ യാത്രകൾ പ്രതിരോധത്തിലാക്കിയെന്ന അഭിപ്രായമുള്ളവർ മന്ത്രിമാർക്ക് പെരുമാറ്റച്ചട്ടം വേണം എന്നാവശ്യപ്പെടുന്നുണ്ട്. എന്നാൽ പരസ്യമായി ഒന്നും പറയാനില്ലെന്നാണ് വിമർശകരുടെ നിലപാട്. കെപിസിസി പ്രസിഡൻറ് വിമാനയാത്രയെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ഒഴി‍ഞ്ഞു മാറുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *