ആലപ്പുഴ: പത്താം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എഴുപുന്ന പഞ്ചായത്ത് ഒന്നാം വാർഡ് വാടക്കകത്ത് പള്ളിക്ക് സമീപം ഏറനാട്ടുപറമ്പിൽ കബീറിന്റെ മകൾ നാദിറ (15) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. കുമ്പളങ്ങി ഒഎൽഎഫ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു.
ഓണപ്പരീക്ഷയുടെ ഫലം വന്നതിന് പിന്നാലെ, വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുമോ എന്ന ആശങ്കയാണ് മരണത്തിന് കാരണമെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് കണ്ടെത്തിയതായി അരൂർ പൊലീസ് അറിയിച്ചു. എന്നാൽ, മരണകാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.
അരൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം അരൂക്കുറ്റി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മാതാവ്: സെലീന. സഹോദരി: മുനീറ.
