തൃശൂർ: കോടശ്ശേരി പഞ്ചായത്തിലെ ചായ്പൻകുഴി സർക്കാർ യു.പി. സ്കൂൾ കെട്ടിടവും ഓപ്പൺ സ്റ്റേജും തകർന്നു വീണു. ശ്രീകൃഷ്ണ ജയന്തി അവധിയായതിനാൽ സ്കൂളിൽ കുട്ടികളില്ലാതിരുന്നതുകൊണ്ട് മാത്രം വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.
മലയോര ഹൈവേയുടെ നിർമ്മാണത്തിനായി റോഡ് പൊളിച്ചിട്ട ഭാഗത്തെ മതിലാണ് ആദ്യം ഇടിഞ്ഞുവീണത്. ഇതിന് പിന്നാലെയാണ് തൊട്ടടുത്തായി ക്ലാസുകൾ നടത്തുന്നതിന് ഉപയോഗിച്ചിരുന്ന കെട്ടിടഭാഗവും ഓപ്പൺ സ്റ്റേജും പൂർണ്ണമായി നിലംപൊത്തിയത്.
സംഭവസമയം അധ്യാപകരും വിദ്യാർഥികളും സ്കൂളിൽ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കെട്ടിടത്തിന്റെ സുരക്ഷിതത്വത്തിൽ പ്രദേശവാസികളും രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ചു.
