തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രിയ റോഡിൽ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിലിന് സസ്‌പെഷൻ. പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത് ഡിസിസി പ്രസിഡന്റ് എൻ ശക്തൻ. കെപിസിസി നിർദേശത്തെ തുടർന്നാണ് നടപടി.
കേസിൽ ചേന്തി അനിലിനെതിരായ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങളാണുള്ളത്. മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശ്യത്തോടെ പൊതുജനമധ്യത്തിൽ ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയുടെയും ഒപ്പം ഉണ്ടായിരുന്ന പൊലീസുകാരുടെയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തി. പ്രതി റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

വിഷയത്തിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമാണ്. മുഖ്യമന്ത്രി പരിപാടിയിൽ നിന്ന് അവസാന നിമിഷം പിന്മാറിയത് പ്രതിഷേധത്തിന് ഇടയാക്കി. ചേന്തി അനിൽ മുഖ്യമന്ത്രിയെ ഓഫീസിൽ എത്തി പരിപാടിക്ക് ക്ഷണിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വിവാദത്തിന് പിന്നിൽ പാർട്ടിയിലെ ഗ്രൂപ്പ് പോരിന്റെ തുടർച്ചയെന്നാണ് റിപ്പോർട്ട്.
അതേസമയം, ചേന്തി അനിലിന്റെ ഇടപെടൽ ശരിയായില്ല എന്നാണ് ഒരു വിഭാഗം പറയുന്നത്. മുഖ്യമന്ത്രിയുടെ പ്രകോപനവും വിവാദത്തിനിടയാക്കി. വിവാദം ഒഴിവാക്കണമായിരുന്നു എന്നും നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്. പരാതി പാർട്ടിയിൽ പറയണമായിരുന്നു. പരസ്യമായ പ്രകോപനം വിവാദത്തിന് കാരണമായെന്നും വിലയിരുത്തലുണ്ട്. ചെമ്പഴന്തി അനിലും ചേന്തി അനിലും തമ്മിലുള്ള തർക്കം ഗ്രൂപ്പിസത്തിന്റെ ഭാഗം എന്നും ഒരു വിഭാഗം നേതാക്കൾ പറയുന്നു.

ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് ചേന്തി അനിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്. ശ്രീനാരായണഗുരു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ചേന്തിയിലെ പരിപാടിയിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി ചെമ്പഴന്തിയിലേക്ക് പോകാൻ തുടങ്ങിയതാണ് തർക്കത്തിന് കാരണം. മുഖ്യമന്ത്രി വാഹനത്തിൽ നിന്ന് ഇറങ്ങി ചേന്തി അനിലുമായി വാക്ക് തർക്കം ഉണ്ടാകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.മുഖ്യമന്ത്രിക്ക് കോളജ് കുട്ടികൾ വഴക്കിടുന്ന ശൈലിയാണെന്നും വാഹനം തടഞ്ഞിട്ടില്ലെന്നുമാണ് അനിലിന്റെ വിശദീകരണം.
അതേസമയം, ചേന്തിയിലെ ചതയ ദിനാഘോഷ പരിപാടികൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളുടെ ഷെഡ്യൂളിൽ ഉണ്ടായിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം.
