
കരുവാറ്റ കൊലപാതകം: ശ്രമിച്ചത് ഓടുപൊളിച്ച് തലയിൽ കല്ലിട്ടു കൊല്ലാൻ, ആശയം കിട്ടിയത് ‘സ്‌പൈഡറി’ൽ നിന്ന്
കൊല്ലപ്പെട്ട ശിവൻകുട്ടി, എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി. യതീഷ് ചന്ദ്ര കരുവാറ്റയിൽ കൊലപാതകം നടന്ന വീട് സന്ദർശിച്ചപ്പോൾ
ഹരിപ്പാട്: കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്. മേൽക്കൂരയിലെ ഓടു പൊളിച്ചശേഷം ശിവൻകുട്ടിയുടെ തലയിൽ വലിയ കല്ലിട്ടു കൊല്ലാനാണ് പ്രതികൾ മുൻകൂട്ടി തീരുമാനിച്ചിരുന്നത്. വീടിനടുത്ത് വലിയ കല്ലുണ്ടെന്ന് ക്വട്ടേഷൻ നൽകിയ പെൺകുട്ടി ഉറപ്പാക്കിയിരുന്നു. ഇക്കാര്യം പ്രതികളെ അറിയിക്കുകയും ചെയ്തു. എന്നാൽ, ഓടിട്ട വീടിന്റെ മച്ച് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്കു തടസ്സമായി. അതോടെ ശൗചാലയത്തിന്റെ പിൻഭാഗത്തുകൂടി അകത്തു കടന്നു. ശ്വാസംമുട്ടിച്ച് ക്രൂരമായി കൊല്ലുകയും ചെയ്തു.
കുറ്റാരോപിതരിൽ ഒരാളാണ് ഈ ആശയം അവതരിപ്പിച്ചതെന്നാണു സൂചന. ഇതിനു പ്രചോദനമായത് 2017-ൽ പുറത്തിറങ്ങിയ ‘സ്പൈഡർ’ എന്ന തമിഴ് സിനിമയാണെന്നു പറയുന്നു. മുകളിൽനിന്നു കല്ലിട്ട് ആളുകളെ കൊല്ലുന്ന കുട്ടിയുടെ കഥയാണ് ഈ സിനിമ. ഇതേ രീതിയിൽ കൊല്ലാനായിരുന്നു പദ്ധതി. നേരിട്ടു കൊല്ലുന്നതിലെ പ്രശ്നങ്ങളൊഴിവാക്കാൻ ഈ മാർഗം തുണയ്ക്കുമെന്നായിരുന്നു കണക്കുകൂട്ടൽ.
ശിവൻകുട്ടി താമസിച്ചിരുന്ന വാടകവീട്ടിൽ ശനിയാഴ്ച രാത്രി ഒൻപതരയോടെയെത്തിയ പ്രതികൾ ആദ്യം പുരപ്പുറത്തു കയറി. പലഭാഗങ്ങളിലായി ഓടിളക്കി നോക്കി. മച്ചുള്ളതിനാൽ കല്ലിട്ടു കൊല്ലാൻ കഴിയില്ലെന്നു മനസ്സിലാക്കി. മച്ചില്ലാത്ത ഭാഗത്തുകൂടി ഉള്ളിലിറങ്ങാനും ശ്രമിച്ചു. അതും ഫലം കണ്ടില്ല.
കൃത്യത്തിലേക്കു നയിച്ചത് സ്കൂൾ കാലത്തെ പരിചയം
കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്. കൊല്ലപ്പെട്ട ശിവൻകുട്ടി ചെട്ടിയാരും പ്രായപൂർത്തിയാകാത്ത മൂന്നു കുറ്റാരോപിതരും പരവൂരുകാരാണ്. നിർധന കുടുംബാംഗങ്ങളാണ് മൂന്നുപേരും. ക്വട്ടേഷൻ നൽകിയ പെൺകുട്ടിയുമായി ഇതിലൊരു പ്രതിക്കുള്ള ബന്ധമാണ് മറ്റു രണ്ടുപേരെയും കൃത്യത്തിൽ പങ്കാളികളാക്കിയതെന്നാണ് പോലീസ് കണ്ടെത്തൽ. മുൻപ് പരവൂരിൽ താമസിക്കുന്ന കാലത്ത് സ്കൂളിൽവെച്ചാണ് ഇയാളുമായി പെൺകുട്ടി പരിചയത്തിലാകുന്നത്.
രണ്ടുവർഷംമുൻപാണ് ശിവൻകുട്ടിയും ഭാര്യയും കരുവാറ്റയിലേക്കു പോകുന്നത്. ശാന്തശീലനായ ശിവൻകുട്ടി നാട്ടുകാർക്ക് ഏറെ സ്വീകാര്യനായിരുന്നു. സി.പി.എം. പ്രവർത്തകനായ അദ്ദേഹം പാർട്ടി പരിപാടികളിൽ സ്ഥിരമായി പങ്കെടുത്തിരുന്നു. മാസത്തിലൊരിക്കൽ പരവൂരിലെ വീട്ടിലെത്തിയിരുന്നു. മകൻ വർഷങ്ങൾക്കുമുൻപ് ആത്മഹത്യചെയ്തിരുന്നു. രണ്ടു പെൺമക്കൾക്കൊപ്പമായിരുന്നു പിന്നീട് താമസം. അവർ ആലപ്പുഴയിലേക്കു പോയപ്പോഴാണ് പരവൂരിൽനിന്നു മാറിയത്. കഴിഞ്ഞദിവസം പോലീസ് മുഖ്യ കുറ്റാരോപിതന്റെ വീട്ടിൽ തിരക്കിയെത്തിയപ്പോഴാണ് കൊലപാതകവിവരം വീട്ടുകാർ അറിയുന്നത്. സംഭവശേഷം വീട്ടിലെത്തിയ ഇയാൾ പുറത്തിറങ്ങിയിരുന്നില്ല.
മുക്കുപണ്ടം കാട്ടി കബളിപ്പിക്കാനും ശ്രമം
പിടിയിലായ കൗമാരക്കാർ പോലീസിനെ മുക്കുപണ്ടം കാണിച്ച് കബളിപ്പിക്കാനും ശ്രമിച്ചു. ഒരു മാല, മോതിരം, താലി എന്നിവയായിരുന്നു കൊല നടന്ന വീട്ടിൽനിന്ന് ഇവർ കവർന്നത്. മോതിരം ഇവർ നാട്ടിലെ കടയിൽ വിറ്റിരുന്നു. മുക്കുപണ്ടത്തിൽ തീർത്ത സമാനമായ ഒരു മോതിരമാണ് ആദ്യം പോലീസിനെ കാണിച്ചത്. സംശയംതോന്നി ഹരിപ്പാട് പോലീസ് കൂടുതൽ ചോദ്യംചെയ്തപ്പോഴാണ് ശരിയായ മോതിരം 16,000 രൂപയ്ക്കു വിറ്റ കാര്യം സമ്മതിച്ചത്. ആ കടയിൽനിന്ന് പോലീസ് മോതിരം കണ്ടെടുത്തു. താലിയും മാലയും കുറ്റാരോപിതരുടെ വീട്ടിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.