കരുവാറ്റയിലെ കൊലപാതകം; കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ കണ്ട് കൊച്ചുമകൾ, മോഷണം ഐഫോണും ബൈക്കും വാങ്ങാൻ

കരുവാറ്റയിൽ വയോധികനായ ശിവൻകുട്ടി (67) കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ശിവൻകുട്ടിയെ പ്രതികൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ 13കാരിയായ കൊച്ചുമകൾ വീഡിയോ കോളിലൂടെ തത്സമയം കണ്ടതായി പോലീസ് കണ്ടെത്തി. എട്ടാം ക്ലാസുകാരിക്ക് ഐഫോൺ വാങ്ങാനും കൂട്ടുപ്രതികളായ വിദ്യാർഥികൾക്ക് ബൈക്ക് വാങ്ങാനും വേണ്ടിയാണ് വീട്ടിൽനിന്ന് ആറു പവൻ സ്വർണം കവർന്നത്. സംഭവത്തിൽ ശിവൻകുട്ടിയുടെ കൊച്ചുമകളെയും പരവൂർ സ്വദേശികളായ മൂന്ന് വിദ്യാർഥികളെയും ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.

പ്രസവത്തിനായി ശിവൻകുട്ടിയുടെ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതിനാൽ ഭാര്യയും ഒപ്പമുണ്ടായിരുന്നു. ഈ സമയത്ത് ബന്ധുവീട്ടിലേക്ക് മാറ്റിയ പെൺകുട്ടി, പരീക്ഷയുണ്ടെന്ന് പറഞ്ഞ് അവിടെനിന്നിറങ്ങിയാണ് കൃത്യത്തിന് വഴിയൊരുക്കിയത്. വെന്റിലേഷൻ വഴി അകത്തുകയറിയ പ്രതികൾ ശിവൻകുട്ടിയുടെ കൈകാലുകൾ ബന്ധിച്ച് വിവസ്ത്രനാക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കാൻ വീട്ടിനുള്ളിൽ മുളകുപൊടി വിതറുകയും ചെയ്തു.

മുത്തച്ഛൻ മരിച്ചുകിടക്കുന്നത് കണ്ടിട്ടും ഭാവവ്യത്യാസമില്ലാതെ പെൺകുട്ടി പരീക്ഷ എഴുതാൻ സ്‌കൂളിൽ പോകണമെന്ന് വാശിപിടിച്ചതാണ് പോലീസിൽ സംശയമുണ്ടാക്കിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പണത്തിനും ഫോണിനും വേണ്ടിയാണ് ക്വട്ടേഷൻ നൽകിയതെന്ന് കുട്ടി സമ്മതിക്കുകയായിരുന്നു. പെൺകുട്ടിക്ക് മുത്തച്ഛനോട് മറ്റ് വൈരാഗ്യമുണ്ടായിരുന്നോ എന്നും പ്രായപൂർത്തിയായ ആരുടെയെങ്കിലും സഹായം ഇവർക്ക് ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *