കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം: സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി ബിജെപി; നിയമനടപടിയും ആലോചനയിൽ

എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പൂർണ്ണമായി ആലപിക്കുന്നത് തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി. സോണിയ അടക്കമുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് ബിജെപി
ദില്ലി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയഗാന്ധി പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി ബി ജെ പി. ദേശീയ ഗീതാലാപനം തടസപ്പെടുത്താൻ ശ്രമിച്ചതിന് സോണിയക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ ബി ജെ പിയിൽ ആലോചന ശക്തമാണ്. വന്ദേമാതരം പൂർണമായും ആലപിക്കാൻ പാടില്ല എന്നതാണ് പാർട്ടി നയമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സേവാദൾ നേതാവിനോട് പറയുന്നതായുള്ള ദൃശ്യങ്ങൾ നിഷികാന്ത് ദുബൈ എം പി പുറത്ത് വിട്ടു. വിവാദമായ ചടങ്ങിന് തൊട്ടുപിന്നാലെ സേവാദൾ നേതാവിനോട് സംസാരിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഇത് രാഹുലിനെതിരെയും ആയുധമാക്കാനുള്ള നീക്കത്തിലാണ് ബി ജെ പി.

എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യം
സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായാണ് വന്ദേമാതരം പൂർണ്ണമായും ആലപിച്ചത്. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ എ ഐ സി സി ആസ്ഥാനത്ത് പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി വന്ദേമാതരം പൂർണ്ണമായി ആലപിച്ച കോൺഗ്രസ് ഹൈക്കമാൻഡ് വെട്ടിലായിട്ടുണ്ട്. സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും, മല്ലികാർജുൻ ഖർഗെയും ഇടപെട്ട് തടയാൻ നോക്കിയെങ്കിലും ദേശീയഗീതം, ഗായക സംഘം പൂർണ്ണമായും ആലപിച്ചു. ആദ്യ രണ്ട് ചരണങ്ങൾ കഴിഞ്ഞും ആലാപനം തുടർന്നതോടെ നേതാക്കൾ അസ്വസ്ഥരായി. ഇങ്ങനെ തുടർന്നാൽ ശരിയാവില്ലെന്ന സൂചനയോടെ രാഹുൽ ഗാന്ധി, സോണിയ ഗാന്ധിയേയും മല്ലികാർജുൻ ഖർഗെയേയും നോക്കി. ഈ സമയം മല്ലികാർജുൻ ഖർഗെയും സോണിയ ഗാന്ധിയും ഇടപെട്ടു. സേവാദൾ നേതാവിനെ വിളിച്ച് സോണിയ ശകാരിക്കുന്നതും കാണാമായിരുന്നു. മുൻപിലുണ്ടായിരുന്ന നേതാക്കളോടും ആലാപനം നിറുത്താൻ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും ഏതാണ്ട് അവസാന ചരണമെത്തിയിരുന്നു. കടുത്ത അതൃപ്തിയിലാണ് നേതാക്കൾ പിന്നീട് ചടങ്ങിൽ പങ്കെടുത്തത്. വന്ദേമാതരം പൂർണ്ണമായും ആലപിക്കാനിടയായ സാഹചര്യമെന്തെന്ന് നേതൃത്വം വിശദീകരിച്ചിട്ടില്ല. സംഘാടക തലത്തിൽ സംഭവിച്ച പിഴവാണെന്നാണ് സൂചന. പുറത്ത് നിന്നെത്തിച്ച ഗായക സംഘത്തോട് എവിടെ വരെ പാടണമെന്ന നിർദ്ദേശം സംഘാടകർ നൽകിയിരുന്നില്ലെന്നാണ് സൂചന. ആലാപനം തടസപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്ന് പാർട്ടി വക്താവും എ ഐ സി സി ജനറൽ സെക്രട്ടറിയുമായ ജയറാം രമേശ് ന്യായീകരിച്ചു. ഏറെ നേരമായി നിൽക്കുന്ന മല്ലികാർജുൻ ഖർഗെക്ക് കസേര കൊണ്ടുവരാൻ സോണിയ ഗാന്ധി ആവശ്യപ്പെട്ടതാണന്നാണ് ജയറാം രമേശിൻറെ പക്ഷം.

Leave a Reply

Your email address will not be published. Required fields are marked *