ഇന്തോനേഷ്യൻ തീരത്തിന് സമീപം കപ്പലിൽ നിന്ന് മലയാളി യുവാവിനെ കാണാതായി; എറണാകുളം സ്വദേശിക്കായി തിരച്ചിൽ

എറണാകുളം: ഇൻഡോനേഷ്യക്ക് സമീപം സഞ്ചരിക്കുകയായിരുന്ന കപ്പലിൽ നിന്ന് മലയാളി യുവാവിനെ കാണാതായി. എറണാകുളം ഞാറക്കൽ പാലിശ്ശേരി വീട്ടിൽ ബെന്നിയുടെ മകൻ ഷിന്റോൺ ബെന്നിയെ (23) ആണ് കടലിൽ വെച്ച് കാണാതായത്. ‘എം.ഒ.എൽ മാരിടൈം’ ഷിപ്പിങ് കമ്പനിയുടെ ‘വിക്ടോറിസ് എയ്സ്’ എന്ന കപ്പലിലെ ഡെക്ക് ഓഫീസർ ട്രെയിനിയാണ് ഷിന്റോൺ.

ചൊവ്വാഴ്ച രാത്രിയാണ് ഷിന്റോൺ അവസാനമായി വീട്ടിലേക്ക് വിളിച്ചു സംസാരിച്ചത്. എന്നാൽ ബുധനാഴ്ച ഉച്ചയോടെ യുവാവിനെ കാണാനില്ലെന്നും ഡ്യൂട്ടിക്ക് കയറിയിട്ടില്ലെന്നും കമ്പനിയുടെ മുംബൈ ഓഫീസിൽ നിന്ന് ബന്ധുക്കൾക്ക് സന്ദേശം ലഭിക്കുകയായിരുന്നു.

സൗത്ത് ആഫ്രിക്കയിൽ നിന്ന് സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന കപ്പൽ, യുവാവിനെ കാണാതായ ഇൻഡോനേഷ്യൻ മേഖലയിൽ നങ്കൂരമിട്ട് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കപ്പൽ സിംഗപ്പൂരിലേക്ക് യാത്ര തുടർന്നതായാണ് ലഭ്യമാകുന്ന വിവരം. സംഭവത്തിൽ ഞാറക്കൽ പോലീസിലും കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *