ചെന്നൈ: മണിക്കൂറുകളോളം വീതം തുടർച്ചയായി മൊബൈൽ ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് കഴുത്തിലെ ഞരമ്പുകൾക്ക് സങ്കീർണ്ണമായ ആരോഗ്യപ്രശ്നം നേരിട്ട് പ്രശസ്ത നടി ഷക്കീല. സ്ഥിതി വഷളായതോടെ താരത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടി വന്നു. ആശുപത്രിവാസത്തിന്റെയും വീട്ടിൽ തിരിച്ചെത്തിയതിന്റെയും ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ താരം സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് പങ്കുവെച്ചത്.
കഴുത്തിന് പരിക്കേറ്റതിനെ തുടർന്ന് നെക്ക് കോളർ ധരിച്ചാണ് ഷക്കീല വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. എഴുന്നേൽക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമെല്ലാം പരിചാരകരുടെ സഹായം തേടേണ്ടിവരുന്ന അവസ്ഥയിലാണവർ. ഫോൺ ഉപയോഗം പരിധി വിടരുതെന്ന് വ്യക്തമാക്കുന്ന മുന്നറിയിപ്പോടെയാണ് ഷക്കീല തന്റെ അനുഭവം പങ്കുവെക്കുന്നത്.

“കിടക്കയിൽ ചരിഞ്ഞുകിടന്ന് തുടർച്ചയായി നാല് മണിക്കൂർ വരെ ഫോണിൽ ഗെയിം കളിക്കാറുണ്ടായിരുന്നു. ഇടയ്ക്ക് ചായയോ കാപ്പിയോ കുടിക്കാൻ മാത്രമാണ് എഴുന്നേൽക്കുന്നത്. അതുകഴിഞ്ഞ് വീണ്ടും ഗെയിമിംഗും റീൽസ് കാണലും തുടരും. ഇതാണ് കഴുത്തിലെ ഞരമ്പുകളെ ബാധിക്കുകയും സർജറിയിൽ കലാശിക്കുകയും ചെയ്തത്.” – ഷക്കീല
കുട്ടികളുടെ കയ്യിൽ മൊബൈൽ ഫോൺ നൽകുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം ഫോൺ ഉപയോഗിക്കണമെന്നും താരം ഓർമ്മിപ്പിച്ചു. അല്ലാത്തപക്ഷം മൂന്ന് ലക്ഷത്തോളം രൂപ നഷ്ടമാകുന്നതിനൊപ്പം കടുത്ത വേദനയും സഹിക്കേണ്ടി വരുമെന്നും അവർ കൂട്ടിച്ചേർത്തു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി ആരാധകരും അഭ്യുദയകാംക്ഷികളുമാണ് താരത്തിന് എത്രയും വേഗം രോഗശാന്തി ആശംസിച്ചുകൊണ്ട് പ്രതികരണങ്ങളുമായി രംഗത്തെത്തുന്നത്.
