തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനുമായുള്ള എൽപിഎസ്ടി സമരസമിതി അംഗങ്ങൾ നടത്തിയ ചർച്ച വിജയം. 37 ദിവസം നീണ്ടുനിന്ന സമരം എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് അവസാനിപ്പിച്ചു. വിഷയം പരിഹരിക്കാൻ മന്ത്രി രണ്ട് മാസത്തെ സമയം ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസത്തിനുള്ളിൽ നിലപാട് അറിയിക്കാമെന്നും മന്ത്രി പറഞ്ഞു. ഇത് ഉദ്യോഗാർത്ഥികൾ അംഗീകരിച്ചു. ഇതിന് പിന്നാലെ മന്ത്രി ഷംസുദ്ദീൻ സമര നേതാവ് വളർമതിക്ക് വെള്ളം നൽകി.
പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രി 45 ദിവസം ആവശ്യപ്പെട്ടതായി വളർമതി മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതുവരെ തങ്ങൾ സെക്രട്ടേറിയറ്റിന് മുന്നിൽ തന്നെ തുടരും. പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ഉണ്ടായിരിക്കില്ല. ദിവസങ്ങൾ എണ്ണി തങ്ങൾ സെക്രട്ടേറിയറ്റിന് മുന്നിൽ തന്നെയുണ്ടാകും. അനുകൂലമായ തീരുമാനം എത്രയും വേഗം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വളർമതി പറഞ്ഞു.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ വീണ്ടും സമരവുമായി രംഗത്തെത്തിയത്. 2025 മെയ് 31ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നാമമാത്രമാണെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞിരുന്നു. പല ജില്ലകളിലും ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിക്കാത്ത അവസ്ഥയുണ്ടെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞിരുന്നു. പ്രതീകാത്മകമായി പുല്ലുതിന്നും മറ്റുമായിരുന്നു ഉദ്യോഗാർത്ഥികൾ സമര രംഗത്തുണ്ടായിരുന്നത്. വളർമതിയുടെ നിരാഹാരം പതിമൂന്ന് ദിവസം പിന്നിട്ടിരുന്നു. സമരം ശക്തമായതോടെയായിരുന്നു മന്ത്രി ചർച്ചയ്ക്ക് വിളിച്ചത്.
