കോഴിക്കോട്: കൂടത്തായി കാട്ടുമുണ്ടയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. ആനപ്പാറ കാവളത്തിങ്ങൽ സ്വദേശി ജോബി ജോസഫ് ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെ സഹോദരിയുടെ മകനൊപ്പം വീടിനു സമീപത്തെ തോട്ടിൽ കുളിക്കുന്നതിനിടെ ജോബി അപകടത്തിൽപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ ഉച്ചയ്ക്ക് രണ്ടരയോടെ വീണ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ അകലെ ചാമോറ ബണ്ടിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബത്തോടൊപ്പം ബംഗളൂരുവിൽ താമസിച്ചുവരികയായിരുന്ന ജോബി വെള്ളിയാഴ്ചയാണ് നാട്ടിലെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
