പഴയ ബൈക്ക് വിൽപ്പനയെച്ചൊല്ലി തർക്കം:കൊയിലാണ്ടിയിൽ ആക്രിക്കട ഉടമ ഉൾപ്പെടെ മൂന്നുപേർക്ക് കുത്തേറ്റു

കൊയിലാണ്ടി: കൊയിലാണ്ടി പഴയ ചിത്ര ടാക്കീസിന് സമീപത്തെ ആക്രിക്കടയിൽ വാക്കുതർക്കത്തെ തുടർന്നുണ്ടായ കത്തിക്കുത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കട നടത്തുന്ന തിരുനെൽവേലി സ്വദേശി മുത്തുകുമാർ, കടയിലുണ്ടായിരുന്ന തിരൂർ സ്വദേശികളായ മണികണ്ഠൻ, ശരവണൻ എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്കും ചെവി ഭാഗത്തും പരിക്കേറ്റ മുത്തുകുമാറിന്റെ നില സാരമാണ്.

പഴയ ബൈക്ക് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഇന്നലെ വൈകീട്ടോടെ മൂന്നംഗ സംഘം പഴയ ബൈക്ക് തുക ഉറപ്പിച്ച് കച്ചവടം നടത്തി മടങ്ങിയിരുന്നു. എന്നാൽ രാത്രി ഒമ്പത് മണിയോടെ ഇവർ വീണ്ടും കടയിലെത്തി. അപ്പോഴേക്കും സ്കോട്ടർ പകുതിയിലേറെ പൊളിച്ചുമാറ്റിയിരുന്നു. നൽകിയ തുക പോരെന്ന് ആരോപിച്ച് ഇവർ കടയുടമയോട് ബഹളം വെക്കുകയും തുടർന്ന് അടിപിടി ഉണ്ടാകുകയുമായിരുന്നു.

തർക്കത്തിനിടെ സംഘത്തിലൊരാൾ കത്തിയെടുത്ത് മുത്തുകുമാറിനെ കുത്തുകയായിരുന്നു. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെയാണ് മണികണ്ഠനും ശരവണനും പരിക്കേറ്റത്. നാട്ടുകാർ ചേർന്ന് മൂവരെയും ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ട അക്രമികൾക്കായി കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *