വിമാനത്തിൽ വെച്ച് എമർജൻസി എക്‌സിറ്റ് തുറക്കാനും വിൻഡോ പാനൽ തകർക്കാനും ശ്രമം; പാലക്കാട് സ്വദേശി അറസ്റ്റിൽ

കൊച്ചി: മലേഷ്യയിലെ കോലാലംപൂരിൽ നിന്നും കൊച്ചി വിമാനത്താവളത്തിലേക്ക് വരികയായിരുന്ന വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച പാലക്കാട് സ്വദേശി അറസ്റ്റിൽ. അതിക്രമം കാണിച്ച 36കാരനായ ജംഷീർ അത്താണിക്കൽ എന്ന യാത്രികനെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ബുധനാഴ്ച രാത്രി ഇന്ത്യൻ സമയം 9.30നും 11.05നുമിടയിലാണ് സംഭവം. യുവാവിന്റെ പശ്ചാത്തലമടക്കം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ബാടിക് എയർലൈൻ വിമാനത്തിലാണ് അപ്രതീക്ഷിതമായ സംഭവവികാസങ്ങൾ ഉണ്ടായത്.

ഒഡി 231 നമ്പർ വിമാനത്തിലെ സീറ്റ് നമ്പർ 12എ-യിൽ യാത്ര ചെയ്യുകയായിരുന്നു ജംഷീർ. അപ്രതീക്ഷിതമായി എമർജൻസി എക്‌സിറ്റ് ഡോർ ബലമായി തുറക്കാൻ ശ്രമിക്കുകയും വിൻഡോ പാനൽ അടിച്ച് തകർക്കുകയുമായിരുന്നു എന്നാണ് എഫ്‌ഐആറിലുള്ളത്. ഇയാളെ തടയാൻ ശ്രമിച്ച സഹയാത്രികരെയും വിമാനത്തിലെ ക്രൂവിനെയും ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്. യാത്രക്കാരും ക്യാമ്പിൻ ക്രൂവും സമയോചിതമായി നടത്തിയ ഇടപെടലിലാണ് ഇയാളെ കീഴടക്കാനായത്.

വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രികൻ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ബാട്ടിക് എയർലൈൻസ് സെക്യൂരിറ്റി ഇൻ ചാർജ് ബിന്ദുമോഹൻ നായർ പരാതി നൽകി. പ്രകോപനപരമായ സാഹചര്യങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും ജംഷീർ വാതിൽ തുറക്കാൻ ശ്രമിച്ചതെന്താണെന്ന് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *