സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 8 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. ഇന്ന് എട്ട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസം കൂടി സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുമെന്നാണ് പ്രവചനം.

സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ ഇന്ന് 8 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോട്ടയം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടി മുതൽ പ്രഫഷണൽ കോളജുകൾക്ക് വരെ അവധി ബാധകമാണ്. ഇടുക്കിയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും ഇന്ന് അവധിയാണ്. എറണാകുളം ജില്ലയിൽ പുലർച്ച 5 മണിക്ക് ശേഷവും തൃശൂരിൽ ആറ് മണിക്ക് ശേഷവുമാണ് കളക്ർ അവധി പ്രഖ്യാപിച്ചത്. ശക്തമായ മഴ തുടരുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്. തൃശൂരിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ലെന്ന് കളക്ടർ അറിയിച്ചു.

വിവിധ ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ ഈ മാസം എട്ടാം തീയതി വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *