കുട്ടിയെ വേദനിപ്പിച്ചിട്ടില്ല, ചെവിയിൽ പിടിച്ചത് തമാശയ്ക്ക്; ബാലാവകാശ കമ്മീഷൻ ജയിലിലടച്ചാലും മുൻകൂർ ജാമ്യത്തിനില്ലെന്ന് കെ.ടി. ജലീൽ

മലപ്പുറം: പാലക്കാട് മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ വിദ്യാർത്ഥികളെ അപമാനിച്ചെന്ന പരാതിയിൽ പ്രതികരിച്ച് കെ ടി ജലീൽ. അധ്യാപകനെന്ന നിലയിൽ വിദ്യാർത്ഥികളുമായി സംവദിക്കുന്ന ശീലമുണ്ടെന്നും തമാശയ്ക്ക് പിടിക്കുന്നതുപോലെയാണ് ചെവിയിൽ പിടിച്ചതെന്നും കെ ടി ജലീൽ പഞ്ഞു. കുട്ടിയെ നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തതല്ല. കുട്ടിക്കും അങ്ങനെ തോന്നിയിട്ടില്ല. ചടങ്ങിൽ പങ്കെടുത്ത ഏതെങ്കിലും ഒരു കുട്ടിക്കോ രക്ഷിതാവിനോ അപമാനം തോന്നിയെന്ന് പറഞ്ഞാൽ നൂറുവട്ടം ക്ഷമചോദിക്കാൻ തയ്യാറാണെന്നും കെ ടി ജലീൽ പറഞ്ഞു.

‘അപമാനിച്ചതായി തോന്നിയില്ലെന്നാണ് വിദ്യാർത്ഥികളും പറഞ്ഞത്. കുട്ടികൾക്ക് പൊതുവായന കുറവാണ്. അതൊരു പ്രശ്‌നമാണ്. മലയാളം ചെറുകഥ പോലും വിദ്യാർത്ഥികൾ വായിച്ചിട്ടില്ലെന്ന് മനസ്സിലായി. പാഠപുസ്തകം മാത്രമാണ് വായിക്കുന്നത്. ആ നിലയ്ക്കാണ് വിദ്യാർത്ഥികളുമായി സംസാരിച്ചത്. വിദ്യാർത്ഥികളുമായി സംവദിക്കുന്ന പരിപാടിയിൽ സദസ്സിനെ കൂടി പരിപാടിയുടെ ഭാഗമാക്കുന്നത് എന്റെ രീതിയാണ്’, കെ ടി ജലീൽ പറഞ്ഞു.

ഒരു അധ്യാപകൻ എങ്ങനെയാണോ അവരോട് കാര്യങ്ങൾ പറയുന്നത് അങ്ങനെയാണ് സംസാരിച്ചതെന്നും കെ ടി ജലീൽ പറഞ്ഞു. ‘പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേ മക്കളെ പറഞ്ഞയക്കാവൂ. അവിടെനിന്നാണ് മികച്ച വിദ്യാഭ്യാസം കിട്ടുന്നത്. കേരളം എന്നത് കാരളം എന്നെഴുതിയത് പിണറായി സർക്കാർ വന്നശേഷം സ്‌കൂളിൽ പഠിച്ച വ്യക്തിയാണോ? ഒൻപതിനായിരത്തി മുന്നൂറ്റിമുപ്പത്തി രണ്ട് എന്നതിന് പകരം തൊള്ളായിരത്തി മുന്നൂറ്റി മുപ്പത്തിരണ്ട് എന്നുപറഞ്ഞയാൾ നമ്മുടെ ഏതെങ്കിലും സ്‌കൂളിൽ പത്തുവർഷത്തിനുള്ളിൽ പഠിച്ച കുട്ടിയാണോ? തൊള്ളായിരത്തിപത്ത് എന്നതിന് പകരം തൊണ്ണൂറ്റിപത്ത് എന്ന് സഭയിൽ പറഞ്ഞ വ്യക്തി പത്തുകൊല്ലം പൊതുവിദ്യാഭ്യാസ മേഖലയിൽ നിന്നും പഠിച്ചുവന്ന വ്യക്തിയാണോ’ എന്നും കെ ടി ജലീൽ പരിഹസിച്ചു. ഇതുമായി ബന്ധപ്പെട്ട് ബാലാവകാശകമ്മീഷൻ കേസ് എടുത്ത് ജയിലിൽ അടയ്ക്കട്ടെയെന്നും മുൻകൂർ ജാമ്യത്തിന് പോകില്ലെന്നും കെ ടി ജലീൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *