വടകര എം.ഡി.എം.എ കേസ്: അധ്യാപികമാർ ഉൾപ്പെടെയുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ പോലീസ്

വടകര: എം.ഡി.എം.എ കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അധ്യാപികമാർ ഉൾപ്പെടെയുള്ള അഞ്ച് പ്രതികളുടെയും സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് പോലീസ്. ലഹരിവില്പനയിലൂടെ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി കോടികളുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പോലീസിന്റെ ഈ നീക്കം.

പ്രതികളായ അധ്യാപികമാർക്ക് മാസം 12,000 മുതൽ 13,000 രൂപ വരെ മാത്രം ശമ്പളമുള്ളപ്പോൾ ഇവരുടെ ബാങ്ക് അക്കൗണ്ടുകളിൽ ലക്ഷക്കണക്കിന് രൂപയുടെ ബാലൻസാണ് പോലീസ് കണ്ടെത്തിയത്. ഇവർ ആഡംബര ജീവിതം നയിച്ചിരുന്നതായും തെളിവുകൾ ലഭിച്ചിട്ടുണ്ട്. ലഹരി കച്ചവടത്തിലൂടെ ഇവർ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കുമെന്ന് കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ ദിവസം പിടിയിലായ കണ്ണൂർ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസാണ് കേസ് ശൃംഖലയിലെ പ്രധാന കണ്ണിയെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. സാധാരണ ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന ജിജിലിന്റെ ബാങ്ക് അക്കൗണ്ടിലൂടെ മാത്രം കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു കോടിയിലധികം രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ട്. ഡെലിവറി ജോലി മറയാക്കിയായിരുന്നു ഇയാളുടെ ലഹരിവില്പന.

പ്രതികൾ അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ എൻ.ഡി.പി.എസ് (NDPS) നിയമപ്രകാരം പിടിച്ചെടുക്കുമെന്നും ഡി.ഐ.ജി അറിയിച്ചു.
കേസിൽ പിടിയിലായവരിൽ മൂന്ന് പേർ അധ്യാപികമാരായതിനാൽ ഇവർ വിദ്യാർത്ഥികളെ ലഹരി വിൽപ്പനക്കായി ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ നിലവിൽ അത്തരം വിവരങ്ങളോ രക്ഷിതാക്കളിൽ നിന്ന് പരാതികളോ ലഭിച്ചിട്ടില്ലെന്ന് റൂറൽ എസ്.പി മെറിൻ ജോസഫ് വ്യക്തമാക്കി.

പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപികയായ നീഷ്മ, ഇരിട്ടി സ്വദേശി ജിജിൽ എന്നിവരാണ് അടുത്തിടെ പിടിയിലായത്. നേരത്തെ സഫുവാൻ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായിരുന്നു. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *