വടകര എം.ഡി.എം.എ. കേസ്: ലഹരി ശൃംഖലയിൽ സാമ്പത്തിക ഇടപാടിന് മറയാക്കിയത് അധ്യാപികമാരെ; കൂടുതൽ പേർ നിരീക്ഷണത്തിൽ

വടകര: വടകര എംഡിഎംഎ കേസിലെ അധ്യാപികമാരുടെ അറസ്റ്റിൽ കൂടുതൽ കണ്ടെത്തലുകൾ. ലഹരി സംഘം സാമ്പത്തിക ഇടപാടിന് സ്ത്രീകളെ മറയാക്കിയെന്നാണ് കണ്ടെത്തൽ. സാമ്പത്തിക ഇടപാടിനായി ഉപയോഗിച്ചത് നേരത്തെ അറസ്റ്റിലായ അധ്യാപികമാരുടെ അക്കൗണ്ടുകളാണെന്നും എംഡിഎംഎ വലിയ അളവിൽ വാങ്ങിയതും വിറ്റതും ഇവരുടെ അക്കൗണ്ടുകളിലൂടെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ മറ്റൊരു അധ്യാപികയും സംശയത്തിന്റെ നിഴലിലാണ്. കൂടുതൽ പേരുടെ ബാങ്ക് വിവരങ്ങൾ പൊലീസ് പരിശോധിക്കും. ഇന്നലെയാണ് അധ്യാപികയായ കാവ്യയെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ കായിക അധ്യാപികയായ കീർത്തനയേയും അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇതുവരെ രണ്ട് അധ്യാപികമാരാണ് അറസ്റ്റിലായത്.

എംഡിഎംഎ ഇടപാടുകളുടെ പണം അക്കൗണ്ടിലൂടെ വാങ്ങിയതിനാണ് പേരാമ്പ്ര ബിആർസിയിലെ സ്‌പെഷ്യൽ എജുക്കേറ്റർ കൂരാച്ചുണ്ട് ചെറുക്കാടിലെ കൊല്ലനാരി കെ. കാവ്യ (29) യെ വടകര പൊലീസ് പിടിക്കൂടിയത്. ജൂലായ് 11-ന് ഇതേകുറ്റത്തിന് കാവ്യയുടെ സുഹൃത്തും പേരാമ്പ്ര ബിആർസിയിലെ സ്‌പെഷ്യലിസ്റ്റ് അധ്യാപികയുമായ മരുതോങ്കര സ്വദേശിനി കീർത്തനയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കീർത്തനയുടെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കാവ്യയിലേക്കെത്തിയത്. എംഡിഎംഎ ആവശ്യക്കാർ കീർത്തനയുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നത്. പണം ലഭിച്ചാൽ ആവശ്യക്കാർക്ക് ഫോണിൽ ലൊക്കേഷൻ അയച്ചുനൽകും. ഇവിടെ എത്തിയാൽ മറ്റൊരാൾ എത്തി എംഡിഎംഎ കൈമാറുന്നതായിരുന്നു രീതി.

Leave a Reply

Your email address will not be published. Required fields are marked *