കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ തൊപ്പി എന്ന നിഹാദിനെതിരെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കും. തൊപ്പി വിദേശത്തേക്ക് കടക്കാൻ സാധ്യതയുളളതിനാലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനുളള പൊലീസ് നീക്കം. തൊപ്പിയുടെ പാസ്‌പോർട്ട് വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു. ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയപ്പോൾ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന് മറുപടി നൽകിയശേഷമാണ് തൊപ്പി ഒളിവിൽ പോയത്. ഇയാൾ ജില്ല വിട്ടെന്നാണ് സംശയം. മൊഴിയെടുപ്പിന് നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും തൊപ്പിയുടെ സുഹൃത്തുക്കളും ഹാജരായിട്ടില്ല.

കഴിഞ്ഞ ദിവസം തൊപ്പിയുടെ യൂട്യൂബ് ചാനൽ നീക്കം ചെയ്തിരുന്നു. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ആലുവ റൂറൽ സൈബർ പൊലീസാണ് തൊപ്പിക്കെതിരായ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നത്. നിഹാദിന്റെ മുൻകൂർജാമ്യാപേക്ഷയെ ശക്തമായി എതിർത്താണ് പൊലീസ് റിപ്പോർട്ട്. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളായതിനാൽ ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. എറണാകുളം സെഷൻസ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്‌സോ കേസുകൾ, ലൈംഗിക ചൂഷണം തുടങ്ങിയ ആരോപണങ്ങളാണ് തൊപ്പിക്കും സൃഹൃത്തുക്കൾക്കും എതിരെ ഉയർന്നത്. അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയിൽ ഡിജിപി റവാഡ ചന്ദ്രശേഖറായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്.

നിഹാദും നിഹാദിന്റെ എംആർസെഡ് ഗ്യാങ്ങിൽ ഒപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദും ഷമീറും പരസ്പരം ആരോപണ- പ്രത്യാരോപണങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം നിഹാദിനെതിരെ മുഹമ്മദും ഷമീറും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. തൊപ്പി എംഡിഎംഎ ഉപയോഗിക്കുകയും പ്രായപൂർത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് സുഹൃത്തുക്കൾ ആരോപിച്ചത്. തൊപ്പിയുടെ മുറിയിൽ നിന്നും കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു. തൊപ്പി ലൈംഗിക ചൂഷണം നടത്തിയെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ച് അവർക്ക് പണം നൽകി പ്രശ്നം ഒതുക്കിയെന്നും ഇവർ ആരോപിച്ചിരുന്നു.
