ഈ ഫീച്ചർ പ്രകാരം മെറ്റാ എഐ ചാറ്റ്ബോട്ട് ഉപയോഗിക്കുന്ന ഒരാൾക്ക്, ഇൻസ്റ്റാഗ്രാമിലെ ഏതൊരു പബ്ലിക് അക്കൗണ്ടിൽനിന്നും ചിത്രങ്ങൾ എഐ സാങ്കേതികവിദ്യ വഴി മാറ്റം വരുത്താനും പുതിയ വ്യാജ ചിത്രങ്ങൾ ഉണ്ടാക്കാനും സാധിക്കുമായിരുന്നു. ഉ
സാൻഫ്രാൻസിസ്കോ: ഉപയോക്താക്കളുടെ സ്വകാര്യതയെ ഹനിക്കുന്നതിനെ ചൊല്ലി പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ഇൻസ്റ്റാഗ്രാമിലെ പുതിയ എഐ ഫീച്ചർ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ പിൻവലിച്ചു. ഇൻസ്റ്റാഗ്രാമിലെ പബ്ലിക് അക്കൗണ്ടുകളിലുള്ള ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ ചിത്രങ്ങളും എഡിറ്റ് ചെയ്ത ചിത്രങ്ങളും നിർമ്മിക്കാൻ അനുവാദം നൽകുന്നതായിരുന്നു ഈ ഫീച്ചർ. കഴിഞ്ഞ ചൊവ്വാഴ്ച മെറ്റാ പുറത്തിറക്കിയ ‘മ്യൂസ് ഇമേജ്’ എന്ന പുതിയ എഐ ടൂളിന്റെ ഭാഗമായാണ് ഈ ഫീച്ചർ അവതരിപ്പിച്ചത്.

ഈ ഫീച്ചർ പ്രകാരം മെറ്റാ എഐ ചാറ്റ്ബോട്ട് ഉപയോഗിക്കുന്ന ഒരാൾക്ക്, ഇൻസ്റ്റാഗ്രാമിലെ ഏതൊരു പബ്ലിക് അക്കൗണ്ടിൽനിന്നും ചിത്രങ്ങൾ എഐ സാങ്കേതികവിദ്യ വഴി മാറ്റം വരുത്താനും പുതിയ വ്യാജ ചിത്രങ്ങൾ ഉണ്ടാക്കാനും സാധിക്കുമായിരുന്നു. ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഫീച്ചർ അടിച്ചേൽപ്പിച്ചതാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. പ്രതിഷേധം ശക്തമായതോടെ തങ്ങൾക്ക് ലക്ഷ്യം തെറ്റിയെന്ന് മെറ്റാ തുറന്നുസമ്മതിച്ചു.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ പ്രൈവസി ഇന്റർനാഷണൽ മെറ്റായുടെ ഈ നീക്കത്തെ ശക്തമായി വിമർശിച്ചിരുന്നു. എഐ കമ്പനികൾ മനുഷ്യരുടെ ചിത്രങ്ങളെയും വിവരങ്ങളെയും വെറും അസംസ്കൃത വസ്തുക്കളായി മാത്രമാണ് കാണുന്നതെന്നതിന്റെ തെളിവാണ് ഇതെന്നായിരുന്നു സംഘടനയുടെ പ്രതികരണം.
നിലവിൽ ഇൻസ്റ്റാഗ്രാമിൽ മാത്രമാണ് മ്യൂസ് ഇമേജ് അവതരിപ്പിച്ചതെങ്കിലും, വാട്സാപ്പ്, ഫേസ്ബുക്ക്, മെസഞ്ചർ എന്നിവയിലേക്കും കൂടുതൽ എഐ ഫീച്ചറുകൾ കൊണ്ടുവരാൻ മെറ്റായ്ക്ക് പദ്ധതിയുണ്ടായിരുന്നു. കൂടാതെ ഒരു എഐ വീഡിയോ ടൂളും കമ്പനിയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. എന്നാൽ നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ പ്രതികരണങ്ങൾക്ക് മെറ്റാ തയ്യാറായിട്ടില്ല.
