കോഴിക്കോട്: സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്. ഫേസ്ബുക്കിലൂടെ പരസ്യം നൽകിയാണ് തട്ടിപ്പ്. ‘Veloher hack’ എന്ന അക്കൗണ്ട് വഴിയാണ് തട്ടിപ്പുകൾ നടക്കുന്നത്.
വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, കോൾ ഹിസ്റ്ററി തുടങ്ങിയവ ഹാക്ക് ചെയ്ത് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ പണം തട്ടുന്നത്. ഒരു മാസത്തേക്ക് ഹാക്കിങ് ഫീയായി 549 രൂപയും ആവശ്യപ്പെടും. ക്യുആർ കോഡ് അയച്ചു നൽകുന്ന സംഘം, പണം അയച്ചാൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് നൽകാം എന്ന് അവകാശപ്പെടും. എന്നാൽ പണം ലഭിച്ചുകഴിഞ്ഞാൽ പണം അയക്കുന്നവരെ ബ്ലോക്ക് ചെയ്ത് മുങ്ങുകയാണ് പതിവെന്ന് തട്ടിപ്പിന് ഇരയായവർ പറയുന്നു.
ചെറിയ തുകയായതിനാൽ മിക്കവരും പരാതിപ്പെടാത്തതാണ് തട്ടിപ്പ് തുടരാൻ അവസരമൊരുക്കുന്നത്. നൂറ് കണക്കിന് പേർ ഇത്തരത്തിൽ തട്ടിപ്പിന് ഇരയായെന്നാണ് ലഭിച്ച വിവരം.
