സ്വർണപ്പണയ സ്ഥാപനത്തിലെ ജീവനക്കാരികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒരാൾ മരിച്ചു

വിഴിഞ്ഞം: സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽനിന്നു ഉടമയറിയാതെ, കൂട്ടുകാരിക്ക് പണയം വെയ്ക്കാൻ നൽകിയ 70 പവൻ സ്വർണം തിരികെ കിട്ടാത്തതിനെതുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളിലൊരാൾ മരിച്ചു. മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വെങ്ങാനൂർ വെണ്ണിയൂർ ജയാഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജു (28) ആണ് മരിച്ചത്. വെങ്ങാനൂർ ചാവടിനടയിൽ രാജീവിന്റെ ഭാര്യ ഐശ്വര്യ (32) ആണ് മെഡിക്കൽ കോളേജ് ആശുപത്രിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ മാസം 30-നാണ് ഇരുവരും ഷാർജാ ജ്യൂസിൽ വിഷം കലർത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇരുവരുടെയും അടുത്ത സുഹൃത്തായ, പനങ്ങോട് സ്വദേശിനിക്കാണ് ഇരുവരും ചേർന്ന് സ്ഥാപനത്തിൽനിന്നു 70 പവൻ സ്വർണം മറിച്ചുനൽകിയത്. ഈ സ്വർണം ഇവർ തിരികെ നൽകിയില്ലെന്നാണ് പരാതി. സ്വകാര്യ സ്വർണ പണമിടപാട് സ്ഥാപനത്തിന്റെ വിഴിഞ്ഞത്തുള്ള ശാഖയിലാണ് അഞ്ജു ജോലിയെടുത്തിരുന്നത്.

ഐശ്വര്യ വെങ്ങാനൂർ അമരിവിളയിലുള്ള ശാഖയിലും. ഇവിടങ്ങളിൽ പണയം വെച്ചിരുന്ന ആളുകളുടെ സ്വർണമാണ് സിന്ധുവിന് ഇവർ നൽകിയത്. പണയം വെച്ചവർ സ്ഥാപനത്തിലെത്തിയതോടെ അഞ്ജുവും ഐശ്വര്യയും പലരോടും കടം വാങ്ങി കുറച്ചുപേർക്ക് സ്വർണത്തിന്റെ പണം നൽകി. സ്ഥാപന ഉടമ സംഭവം അറിഞ്ഞതോടെയാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ശനിയാഴ്ച ഉച്ചയോടെയാണ് അഞ്ജു മരിച്ചത്. അഞ്ജുവിന്റെ മകൻ അഥർവ്(5).

ഗുരുതരാവസ്ഥയിലുള്ള ഐശ്വര്യയുടെ മൊഴി മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ രേഖപ്പെടുത്തി. അഞ്ജുവിന്റെ സഹോദരനും ഭർത്താവും വിഴിഞ്ഞം പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടക്കുന്നതായി എസ്.എച്ച്.ഒ. വി.ഡി.റെജി രാജ് അറിയിച്ചു..

Leave a Reply

Your email address will not be published. Required fields are marked *