യാത്രയ്ക്കിടെ ബസിന്റെ നിയന്ത്രണം നഷ്ടമാകുകയും എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയും ആയിരുന്നു

ജയ്പൂർ: രാജസ്ഥാനിലെ ദൗസയിൽ ബസിന് തീപിടിച്ച് ഏഴ് പേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഡൽഹി-മുബൈ എക്സ്പ്രസ്വേയിലാണ് അപകടമുണ്ടായത്. ട്രക്കുമായി കൂട്ടിയിടിച്ചാണ് ബസിന് തീപിടിച്ചത്.ബസിൽ തീ പടർന്നതോടെ അഞ്ച് പേർ വെന്തുമരിക്കുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് രണ്ട് പേരുടെ മരണ കാരണമെന്നും പൊലീസ് അറിയിച്ചു. യാത്രയ്ക്കിടെ ബസിന്റെ നിയന്ത്രണം നഷ്ടമാകുകയും എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയും ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന് തീപിടിക്കുകയും നിമിഷങ്ങൾക്കുള്ളിൽ ആളിപ്പടരുകയുമായിരുന്നു.
ഇൻഡോറിൽ നിന്ന് ഹരിദ്വാറിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ദൗസ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ദൗസ എസ്പി പീയുഷ് ദീക്ഷീത് ഉൾപ്പടെ സംഭവ സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
