കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻകൂർ ജാമ്യം

വടകര : കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻ‌കൂർ ജാമ്യം അനുവദിച്ച് കോടതി. കേസിൽ ആരോപണ വിധേയനായിരുന്നു ഇയാൾ. അറസ്റ്റ് സാധ്യത മുന്നിൽ കണ്ടാണ് മുൻ‌കൂർ ജാമ്യത്തിന് അപേക്ഷിച്ചത്. കേസിൽ പ്രതി ചേർക്കപ്പെടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റിബേഷ് രാമകൃഷ്ണൻ കോടതിയെ സമീപിച്ചത്.

വടകര കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പ്രതിയായ ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളിയിരുന്നു. പ്രത്യേക അന്വേഷണ സംഘം നൽകിയ ഹർജി വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്. പ്രതി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്ന് കാണിച്ചായിരുന്നു ഹർജി.

ജിതിന് ജാമ്യം ലഭിച്ച ശേഷം വടകരയിലും തിരുവള്ളൂരിലും നടന്ന സ്വീകരണ പരിപാടികളിലെ അക്രമസംഭവങ്ങളും പൊലീസിനും സർക്കാരിനുമെതിരെയുള്ള വെല്ലുവിളികളും പ്രകോപന മുദ്യാവാക്യങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. രണ്ട് സംഭവങ്ങളിലും ജിതിനെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ജാഥകളിൽ പങ്കെടുക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയല്ലെന്നും പൊലീസ് കേസുകൾ കെട്ടിച്ചമയ്ക്കുകയാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *