സംസ്ഥാന സർക്കാരിന്റെ ധവളപത്രത്തിനെതിരെ പ്രതിപക്ഷത്തിന്റെ ‘ബദൽ ധവളപത്രം’; പിണറായി വിജയന്റെ കടുത്ത തിരിച്ചടി

തിരുവനന്തപുരം: സംസ്ഥാനത്ത് യു ഡി എഫ് സർക്കാർ കണക്കുകൾ മറച്ചുവെച്ച് അനാവശ്യമായി കടബാധ്യത പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ബദൽ ധവളപത്രം അവതരിപ്പിച്ചു. മുൻ എൽ ഡി എഫ് സർക്കാർ ധൂർത്തായിരുന്നുവെന്നും ലക്ഷം കോടിയുടെ ബാധ്യത വരുത്തിവെച്ചെന്നുമുള്ള യു ഡി എഫിന്റെ വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നാണ് കണക്കുകൾ നിരത്തി പിണറായി തിരിച്ചടിച്ചത്. മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിനെതിരെയാണ് പ്രതിപക്ഷം ഈ ബദൽ റിപ്പോർട്ട് പുറത്തിറക്കിയത്. പ്രതിപക്ഷത്തിരുന്നപ്പോൾ ഉന്നയിച്ച വാദങ്ങൾ പൊളിഞ്ഞതോടെ, സർക്കാരിന്റെ വാഗ്ദാനലംഘനങ്ങൾ മുൻകൂട്ടി ന്യായീകരിക്കാനാണ് യു ഡി എഫ് ഇപ്പോൾ ശ്രമിക്കുന്നതെന്ന് പിണറായി ആരോപിച്ചു. ലക്ഷം കോടിക്ക് മുകളിൽ ബാധ്യത എന്ന് പ്രചരണം നടത്തുന്ന സതീശൻ സർക്കാരിന്, ഇതിനെ സാധൂകരിക്കുന്ന ഒന്നും അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യു ഡി എഫിന് വിമർശനം
യു ഡി എഫിന്റെയും ചില പാർശ്വവർത്തികളുടെയും വ്യാജ പ്രചരണങ്ങൾക്ക് കാലപരിധിയുണ്ടെന്നും, ഇത്തരം ആരോപണങ്ങൾ ഒന്നൊഴിയുമ്പോൾ മറ്റൊന്നായി ഉയർത്തുന്ന സമീപനത്തെ വസ്തുതാപരമായ റിപ്പോർട്ടുകൾ കൊണ്ട് നേരിടുമെന്നും പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധങ്ങളെയും നിയന്ത്രണങ്ങളെയും ന്യായീകരിക്കുന്ന നിലപാടാണ് നിലവിലെ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. കൂടാതെ പൊതുമേഖലയ്‌ക്കെതിരായ നയങ്ങളാണ് യു ഡി എഫ് നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും ബദൽ ധവളപത്രം അവതരിപ്പിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *