വടകര: വടകര എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ വിട്ട മരുതോങ്കര സ്വദേശി കീർത്തനയെ പോലീസ് ചോദ്യം ചെയ്യുന്നത് പുരോഗമിക്കുന്നു. മറ്റ് അധ്യാപികമാരായ കാവ്യ, നീഷ്മ എന്നിവരെ ലഹരിവ്യാപാരത്തിലേക്ക് എത്തിച്ചത് കീർത്തനയാണെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. ഇവർ വിദ്യാർഥികളെ ലഹരി ഇടപാടുകൾക്കായി ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചു വരികയാണ്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണി വരെയാണ് കീർത്തനയെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
അതേസമയം, വടകര കേസിൽ റിമാൻഡിൽ കഴിയുന്ന ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിനെ മറ്റൊരു ലഹരിമരുന്ന് കേസിൽ പയ്യോളി പോലീസ് മുൻകൂർ അറസ്റ്റ് രേഖപ്പെടുത്തി വീണ്ടും റിമാൻഡ് ചെയ്തു. മേയ് 20-ന് 13.56 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായ മണിയൂർ തുറശ്ശേരിക്കടവ് സ്വദേശി മുഹമ്മദ് ഇർഫാനെ ചോദ്യം ചെയ്തപ്പോഴാണ് ജിജിലിന് പണം അയച്ചു നൽകിയ വിവരം ലഭിച്ചത്.

ജിജിലിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ നിന്ന് കഴിഞ്ഞ ഒരു വർഷത്തിനിടെ ഏതാണ്ട് ഒരു കോടി രൂപയുടെ ഇടപാടുകൾ നടന്നതായി പോലീസ് കണ്ടെത്തി. ഇതിൽ ഭൂരിഭാഗവും ലഹരിക്കച്ചവടത്തിൽ നിന്നുള്ളതാണെന്നാണ് നിഗമനം. പിടിയിലായ അധ്യാപികമാരുമായും ജിജിലിന് പണമിടപാടുകൾ ഉണ്ടായിരുന്നു. ജിജിലും കേസിലെ മറ്റൊരു സംശയിക്കപ്പെടുന്ന വയനാട് സ്വദേശി ഷിന്റോയും മംഗളൂരുവിൽ ഒന്നിച്ച് പഠിക്കുമ്പോഴാണ് ലഹരി ഇടപാടുകളിലേക്ക് കടക്കുന്നത്.
തനിക്ക് ലഹരി ഇടപാടുകളുമായി ബന്ധമില്ലെന്ന് കീർത്തന മാധ്യമങ്ങൾക്ക് മുന്നിൽ അവകാശപ്പെട്ടെങ്കിലും, കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കീർത്തനയ്ക്ക് ലഹരി ശൃംഖലയിൽ വ്യക്തമായ പങ്കുണ്ടെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിക്കുന്നത്.
