വടകര എം.ഡി.എം.എ കേസ് പ്രതിക്ക് നേരെയുണ്ടായ ആക്രമണം കീർത്തനയുടെ നില ഗുരുതരം; ആക്രമിച്ചത് ലിവിങ് ടുഗെതർ പങ്കാളി

വടകര: വടകര പോലീസ് സ്റ്റേഷൻ വളപ്പിൽ വെച്ച് കത്തിക്കുത്തേറ്റ എം.ഡി.എം.എ കേസ് പ്രതി കീർത്തനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള കീർത്തനയുടെ ശരീരത്തിൽ ആഴത്തിലുള്ള അഞ്ച് കുത്തുകളേറ്റിട്ടുണ്ട്. സംഭവത്തിൽ ഇവരുടെ ലിവിങ് ടുഗെതർ പങ്കാളിയും ബസ് ഡ്രൈവറുമായ പേരാമ്പ്ര തണ്ടോറപ്പാറ സ്വദേശി താനിയോട്ടുമ്മൽ ജനീഷിനെ (38) വടകര പോലീസ് അറസ്റ്റ് ചെയ്തു.

ലഹരിക്കേസിൽ അറസ്റ്റിലാകുന്നതുവരെ ഇരുവരും ഒന്നിച്ചായിരുന്നു താമസം. എന്നാൽ ജാമ്യത്തിലിറങ്ങിയ ശേഷം കീർത്തന അകന്നു താമസിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. കീർത്തനയെ സഹായിക്കുന്ന സംഘം തന്നെ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയതിലുള്ള പ്രകോപനമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രതി മൊഴി നൽകിയതായി പോലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ ജാമ്യവ്യവസ്ഥയുടെ ഭാഗമായി സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുകയായിരുന്ന കീർത്തനയെ പ്രധാന റോഡിന് തൊട്ടടുത്ത് വെച്ച് ജനീഷ് കറിക്കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് പോലീസുകാർ ഓടിയെത്തുമ്പോൾ ചോരയിൽ കുളിച്ച നിലയിലായിരുന്നു കീർത്തന.

പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപികയായിരുന്ന കീർത്തന ഉൾപ്പെടെയുള്ള അഞ്ചംഗ സംഘത്തെ കഴിഞ്ഞ ജൂലൈയിലാണ് വടകര പോലീസ് എം.ഡി.എം.എ കേസിൽ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ഇവർ സ്റ്റേഷനിൽ ഒപ്പിടാനെത്തിയത്. സംഭവത്തിൽ പ്രതി ജനീഷിനെതിരെ വധശ്രമത്തിന് കേസെടുത്തതായി വടകര സർക്കിൾ ഇൻസ്പെക്ടർ എ.കെ. സജീഷ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *