‘ഫോൺ വിളിച്ചിട്ട് എടുത്തില്ല, ഒളിവിൽ കഴിയാൻ സഹായിച്ചില്ല’; ആലപ്പുഴയിൽ യുവാവിനെ കുത്തിക്കൊന്നതിൻ്റെ കാരണം വെളിപ്പെടുത്തി പ്രതികൾ

ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് മുരിയംവെളിയിൽ അജിയുടെ മകൻ അഖിലിനെ (അച്ചു-24) കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി ആദിക്കാട്ടുകുളങ്ങര കണ്ടിനേത്ത് വീട്ടിൽ ഷെൽജൂഖ് (34), രണ്ടാം പ്രതി ഓച്ചിറ ഞക്കനാൽ അനന്തുഭവനിൽ അനന്തു (29) എന്നിവരെ പൊലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്തത്.
ആലപ്പുഴ: മറ്റ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതോടെ ഒളിവിൽ കഴിയാൻ അഭയം നൽകാത്തതിന്റെയും ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിന്റെയും വൈരാഗ്യത്തിലാണ് ആര്യാട് യുവാവിനെ വീടുകയറി കുത്തിക്കൊലപ്പെടുത്തിയതെന്ന് പിടിയിലായ പ്രതികൾ പൊലീസിനോട് സമ്മതിച്ചു. ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് മുരിയംവെളിയിൽ അജിയുടെ മകൻ അഖിലിനെ (അച്ചു-24) കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി ആദിക്കാട്ടുകുളങ്ങര കണ്ടിനേത്ത് വീട്ടിൽ ഷെൽജൂഖ് (34), രണ്ടാം പ്രതി ഓച്ചിറ ഞക്കനാൽ അനന്തുഭവനിൽ അനന്തു (29) എന്നിവരെ പൊലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

ഹരിപ്പാടുനിന്ന് ഓട്ടോയിൽ ആലപ്പുഴയിലെത്തിയ പ്രതികൾ പുന്നമട ഫിനിഷിങ് പോയിന്റിന് സമീപമുള്ള ഹോട്ടലിൽ കയറി മദ്യപിച്ചു. ഇതിനിടെ മറ്റൊരു സുഹൃത്തിനെ കണ്ടുമുട്ടിയ ഇവർ ഇയാളോട് അഖിലിന്റെ വീട് കാണിച്ചുതരാൻ നിർബന്ധിച്ചു. തുടർന്ന് ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തി ആര്യാടുള്ള അഖിലിന്റെ വീട്ടിലെത്തുകയും, വാക്കുതർക്കത്തിനൊടുവിൽ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ക്രൂരമായി കുത്തുകയുമായിരുന്നു.

കൊലപാതകത്തിന് ശേഷം മറ്റൊരു ഓട്ടോയിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതികൾ, പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ട്രെയിനിൽ കയറിയെങ്കിലും സിസിടിവി കാമറകളില്ലാത്ത ഭാഗത്തുകൂടി പുറത്തുകടന്ന് കോഴിക്കോട്ടേക്കുള്ള ബസിൽ കയറി കുന്നംകുളത്തെ ലോഡ്ജിൽ മുറിയെടുത്തു. എന്നാൽ പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ ഇവർ അവിടെനിന്ന് രക്ഷപ്പെട്ട് ലോറി മാർഗ്ഗം മംഗളൂരു-മൈസൂരു വഴി ബംഗളൂരുവിൽ എത്തി. ആലപ്പുഴ നോർത്ത് പൊലീസിന്റെ അന്വേഷണം ബംഗളൂരുവിലേക്ക് നീങ്ങിയെന്ന് വ്യക്തമായതോടെ ട്രെയിൻ മാർഗ്ഗം വീണ്ടും കേരളത്തിലേക്ക് കടക്കുകയായിരുന്നു. കരുനാഗപ്പള്ളി സ്റ്റേഷനിൽ വന്നിറങ്ങിയ ശേഷം ഓച്ചിറയിലുള്ള രണ്ടാം പ്രതിയുടെ ഒളിസങ്കേതത്തിലേക്ക് പോകുന്ന വഴിയാണ് പ്രതികൾ അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *