വടകര എം.ഡി.എം.എ കേസ്: ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് പിടിയിൽ; ലഹരി ഇടപാടിൽ കൈമാറിയത് ഒരു കോടിയോളം രൂപ

വടകര: അധ്യാപികമാർ ഉൾപ്പെട്ട വടകരയിലെ എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട് നിർണായക വഴിത്തിരിവ്. കേസിൽ ഇരിട്ടി സ്വദേശിയായ ജിജിൽ കുര്യാക്കോസിനെ (23) വടകര പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന്​ വൈകുന്നേരത്തോടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. കേസിൽ പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ജിജിലിന്റെ കസ്റ്റഡി.

ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന ഇയാൾ, കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ടുകൾ വഴി ഒരു കോടി രൂപയോളം കൈമാറ്റം ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

കസ്റ്റഡിയിലെടുത്ത ജിജിലിനെ ആദ്യം വടകര എസ്.പി ഓഫീസിലെത്തിച്ച ശേഷം ഫോണിൽ നിന്നുള്ള കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനായി വടകര സൈബർ സെല്ലിലേക്ക് മാറ്റി. ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട കോളുകൾ, ചാറ്റുകൾ, ബാങ്ക് സാമ്പത്തിക ഇടപാടുകൾ എന്നിവ സൈബർ വിദഗ്ധരുടെ നേതൃത്വത്തിൽ വിശദമായി പരിശോധിച്ചു വരികയാണ്.

ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ച് ഒരു ദിവസത്തിനകമാണ് ഈ നിർണായക അറസ്റ്റ്. വടകര സി.ഐ ദിനേശിന്റെ നിർദേശപ്രകാരം ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ മനോജ് രാമത്ത്, എ.എസ്.ഐ വി.വി. ഷാജി, അനൂപ്, ചിത്രദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. തുടർന്നു പ്രതിയെ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചു വൈദ്യ പരിശോധനക്ക് വിധേയമാക്കി

Leave a Reply

Your email address will not be published. Required fields are marked *