നെയ്യാറ്റിൻകര സ്വദേശിയായ കരാർ ജീവനക്കാരൻ അമൽ പ്രകാശിന്റെ ഫോണാണ് മോഷണം പോയത്. പരാതിയുടെ അടിസ്ഥാനത്തിൽ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച ഫോൺ ഇയാളിൽ നിന്ന് പോലീസ് കണ്ടെടുത്തു.
തിരുവനന്തപുരം: റെയിൽവേ സ്റ്റേഷൻ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ നിന്ന് 55000 രൂപ വിലവരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ബിഹാർ സ്വദേശി പിടിയിൽ. ബിഹാർ സ്വദേശിയായ മിഥുൻ ധാലി (32)യെയാണ് ആർപിഎഫും റെയിൽവേ പൊലീസും ചേർന്ന് പിടികൂടിയത്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ശബരി എക്സ്പ്രസിലെ എസ്-3 കോച്ചിൽ നിന്നാണ് ഫോൺ മോഷണം പോയത്. കരാർ ജീവനക്കാരനായ നെയ്യാറ്റിൻകര സ്വദേശി അമൽ പ്രകാശിൻറെ 55,000 രൂപ വിലവരുന്ന ‘Realme GT 7’ എന്ന മൊബൈൽ ഫോണാണ് പ്രതി കവർന്നത്.അമലിൻറെ പരാതിയിൽ തിരുവനന്തപുരം റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ആർപിഎഫ് സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫ്, റെയിൽവേ പൊലീസ് എസ്.പി കൃഷ്ണകുമാർ എന്നിവരുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. മോഷ്ടിച്ച മൊബൈൽ ഫോൺ പ്രതിയിൽ നിന്ന് കണ്ടെടുത്തു.ആർപിഎഫ് തിരുവനന്തപുരം സെൻട്രൽ, ആർപിഎഫ് ക്രൈം ഇൻറലിജൻസ് ബ്രാഞ്ച്, സിപിഡിഎസ് , തിരുവനന്തപുരം റെയിൽവേ പൊലീസ് എന്നിവർ സംയുക്തമായാണ് റെയ്ഡിലും അന്വേഷണത്തിലും പങ്കെടുത്തത്.
