നാദാപുരത്ത് കെ.എസ്.ഇ.ബി കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്; റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ തലയിലൂടെ കാർ കയറി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നാദാപുരം: കെ.എസ്.ഇ.ബി ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിനായി റോഡിൽ എടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. കല്ലാച്ചി പയന്തോങ്ങ് സ്വദേശിയും ബേക്കറി തൊഴിലാളിയുമായ മത്തത്ത് പ്രദീപനാണ് (51) അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീണ പ്രദീപനെ എതിർദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി വിഷ്ണുമംഗലം പഴയ മൃഗാശുപത്രിക്ക് സമീപമാണ് ഈ അപകടം ഉണ്ടായത്.

കല്ലാച്ചി ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്ന പ്രദീപൻ, മാസങ്ങൾക്ക് മുൻപ് കേബിൾ ഇടാനായി കുഴിച്ച കുഴിയിൽ പെട്ട് മറിയുകയായിരുന്നു. റോഡിലേക്ക് വീണ പ്രദീപന്റെ തലയിലേക്കാണ് എതിർദിശയിൽ വന്ന കാർ ഇടിച്ചു കയറിയത്. ഹെൽമെറ്റ് ധരിച്ചതിനാലാണ് ദുരന്തം ഒഴിവായത്. അപകടത്തിൽ കഴുത്തിന് ഗുരുതരമായി പരിക്കേറ്റ പ്രദീപനെ ഉടൻ തന്നെ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും, പരിക്ക് അതീവ ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

അപകടത്തിന്റെ ഭീതിപ്പെടുത്തുന്ന സിസിടിവി (CCTV) ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചിയ്യൂർ സബ് സ്റ്റേഷനിൽ നിന്ന് നാദാപുരത്തേക്കും തൂണേരിയിലേക്കും ഭൂഗർഭ കേബിളുകൾ വലിക്കുന്നതിനായി റോഡിൽ പലയിടങ്ങളിലായി മാസങ്ങൾക്ക് മുൻപാണ് കുഴികൾ എടുത്തത്. ആറുമാസത്തിലേറെയായി അപകടകരമായ രീതിയിൽ റോഡിൽ കിടക്കുന്ന ഈ കുഴികൾ മൂടാൻ അധികൃതർ തയ്യാറാകാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഈ ഭാഗത്ത് മുൻപും നിരവധി അപകടങ്ങൾ നടന്നിട്ടുണ്ടെന്നും കെ.എസ്.ഇ.ബിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും അനാസ്ഥയ്ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രദേശവാസികൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *