നന്മയുടെ പൂവിളിയുമായി ഇന്ന് തിരുവോണം; ഓണത്തിരക്കിൽ മലയാളികൾ, സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വിപുലമായ ആഘോഷ പരിപാടികൾ

നന്മയുടെ പൂവിളിയുമായി ഇന്ന് തിരുവോണം. സദ്യയും കാഴ്ചവട്ടവുമായി ഓണത്തിരക്കിലാണ് മലയാളികൾ
തിരുവനന്തപുരം: നന്മയുടെയും സമൃദ്ധിയുടെയും കാഴ്ചകൾ ഒരുക്കി ഇന്ന് പൊൻതിരുവോണം. ഉത്സവദിനത്തെ വരവേൽക്കാൻ ലോകമെങ്ങും മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. പൂക്കളവും ഓണക്കോടിയും തിരുവോണസദ്യയും കാഴ്ചവട്ടങ്ങളുമൊക്കെയായി നാടെങ്ങും ആഘോഷത്തിലാണ്. പ്രവാസികളും അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരും തിരുവോണപ്പുലരിയിൽ സ്വന്തം കുടുംബത്തോടൊപ്പംഒത്തുചേരാനായി രാത്രി വൈകിയും വീടണഞ്ഞു. സംസ്ഥാനത്തുടനീളം വിപുലമായ ആഘോഷപരിപാടികളാണ്. സാംസ്കാരിക സംഘടനകളുടെയും ക്ലബ്ബുകളുടെയും നേതൃത്വത്തിൽ പരമ്പരാഗത ഓണക്കളികൾ പലയിടത്തും ഉണ്ട്.

ഓണം മലയാളിക്ക് ആഘോഷം മാത്രമല്ല, ആചാരങ്ങളും കൂടി ഒത്തു ചേർന്നതാണ്. തിരുവോണ നാളിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് ആറന്മുളക്ഷേത്രത്തിലേക്കുള്ള തിരുവോണത്തോണിയുടെ വരവ്. ആറന്മുള പാർത്ഥസാരഥിക്കുള്ള ഓണ വിഭവങ്ങളുമായാണ് തിരുവോണത്തോണി എത്തിയത്. പള്ളിയോടസേവാസംഘവും വിവിധ കരനാഥന്മാരും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ചേർന്ന് സ്വീകരിച്ചു.

അതേസമയം, തിരുവോണ ദിനമായ ഇന്ന് ക്ഷേത്രങ്ങളിൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കണ്ണനെ കാണാൻ ഗുരുവായൂരിൽ വലിയ ഭക്തജന തിരക്ക് ആണ് അനുഭവപ്പെടുന്നത്. ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ ഇന്ന് വിശേഷാൽ കാഴ്‌ച ശീവേലിയും മേളവും ഉണ്ടാകും. പുലർച്ചെ നാലരയ്ക്ക് ശ്രീഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പിച്ചു. ഇന്ന് പതിനായിരം പേർക്ക് വിശേഷാൽ പ്രസാദ ഊട്ടുമുണ്ട്.

അതേസമയം, തിരുവോണം മഴ കൊണ്ടുപോവുമോ എന്നാണ് ആശങ്ക. ഇന്ന് സംസ്ഥാനത്ത് പുറപ്പെടുവിച്ച മഴ മുന്നറിയിപ്പ് പ്രകാരം 6 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ശക്തമായ കാറ്റിനും സാധ്യതയെന്നാണ് മുന്നറിയിപ്പ്. പുലർച്ചെ പലയിടത്തും മഴ പെയ്തു തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *