താമരശ്ശേരി : താമരശ്ശേരി കാരാടിയിൽ വയനാട് സ്വദേശിയായ റിട്ട.എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൽപറ്റ നോർത്ത് മുട്ടിൽ തൊട്ടിയിൽ ടി.എം. ജോസഫ് (62) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറു മണിയോടെ താമരശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് പിന്നിലുള്ള ആലിക്കുന്ന് വാട്ടർ ടാങ്കിനു സമീപം ഉള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

കൽപറ്റ സ്വദേശിയായ ഇദ്ദേഹം എങ്ങനെ താമരശ്ശേരിയിൽ എത്തിയെന്ന കാര്യത്തിൽ വ്യക്തതയില്ല. പറമ്പിന്റെ ഉടമയാണ് തൂങ്ങിമരിച്ച നിലയിലുള്ള മൃതദേഹം ആദ്യം കണ്ടത്. മരിച്ച ജോസഫിന്റെ ഭാര്യ ഗ്രേസിയും റിട്ട. എസ്ഐ ആണ്. വിവരം അറിഞ്ഞ ഉടൻ തന്നെ താമരശ്ശേരി പൊലീസ് സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. വീട്ടുകാരുമായി ബന്ധപ്പെട്ട് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
