തലശ്ശേരി വ്യാപാരി സഹകരണ സംഘത്തിൽ കോടികളുടെ സാമ്പത്തിക ക്രമക്കേട്; നിക്ഷേപകരുടെ പണവുമായി സെക്രട്ടറി മുങ്ങി

കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലുള്ള സഹകരണ സംഘത്തിൽ വൻ സാമ്പത്തിക ക്രമക്കേട്. നിക്ഷേപകരിൽ നിന്നും സ്വീകരിച്ച കോടികളുമായി സെക്രട്ടറി മുങ്ങിയെന്ന് പരാതി. സംഭവത്തിൽ ഭരണ സമിതി സഹകരണ വകുപ്പിലും പൊലീസിലും പരാതി നൽകി.

തലശ്ശേരി വ്യാപാരി വെൽഫെയർ സഹകരണ സംഘത്തിൽ നിക്ഷേപിച്ച പണം തിരിച്ചെടുക്കാൻ ചിലർ ഓഫീസിലെത്തിയപ്പോഴാണ് തട്ടിപ്പ് നടന്ന കാര്യം പുറത്ത് വന്നത്. പണം തിരികെ കിട്ടാത്തതിനെത്തുടർന്ന് ഇവർ ഭരണ സമിതി അേംഗങ്ങളോട് കാര്യം പറഞ്ഞു. അപ്പോഴാണ് സെക്രട്ടറി സ്വന്തം നിലയിൽ നിക്ഷേപം സ്വീകരിച്ച് വെട്ടിപ്പ് നടത്തിയതായി സംശയമുയർന്നത്. ഇക്കാര്യം പുറത്ത് വന്നതിന് പിന്നാലെ സഹകരണ സംഘം ഓഫീസ് പൂട്ടി സെക്രട്ടറി ജോജിഷ് സ്ഥലം വിട്ടു.

പലരേയും സെക്രട്ടറി നേരിട്ട് സമീപിച്ച് ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചിരിക്കുന്നത്. ഇതിനായി വ്യാജ നിക്ഷേപ സർട്ടിഫിക്കറ്റുകൾ നൽകിയതായും പരാതിയുയർന്നിട്ടുണ്ട്. എന്നാൽ എത്ര പേരിൽ നിന്നും പണം സ്വീകരിച്ചിട്ടുണ്ടെന്നതിൽ വ്യക്തത വന്നിട്ടില്ല. കോടികളുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് സംശയം.സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സ്ഥലത്തെത്തി ഭരണ സമിതി അംഗങ്ങളിൽ നിന്നും വിവരം ശേഖരിച്ചിട്ടുണ്ട്. ഓഡിറ്റ് നടത്തിയാൽ മാത്രമേ എത്ര രൂപയുടെ ക്രമക്കേടാണ് നടന്നതെന്ന് വ്യക്തമാകൂ.

Leave a Reply

Your email address will not be published. Required fields are marked *