ഗൺമാന്മാരുടെ മർദ്ദനക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചു: എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ

തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് ഗൺന്മാർ കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിൽ എം ആർ അജിത് കുമാറിന് സസ്പെൻഷൻ. ഡിജിപിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ് ആഭ്യന്തരമന്ത്രി നടപടിക്ക് അനുമതി നൽകിയത്. ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനകേസ് അട്ടിമറിച്ചെന്ന കണ്ടെത്തലുള്ള എസ്‌ഐടി റിപ്പോർട്ട് ഡിജിപി ഇന്നലെ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരുന്നു. ആഭ്യന്തര സെക്രട്ടറി റിപ്പോർട്ട് ഇന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഗൺമാൻമാരുടെ മർദ്ദനക്കേസ് എം ആർ അജിത് കുമാർ അട്ടിമറിച്ചു എന്നാണ് എസ്‌ഐടി കണ്ടെത്തൽ.

വിഷയത്തിൽ എം ആർ അജിത് കുമാറിനോട് നേരത്തെ ഡിജിപി വിശദീകരണം തേടിയിരുന്നു. എസ്‌ഐടി കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം. രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ അജിത് കുമാർ ഇടപെട്ടതിന്റെ തെളിവുകൾ എസ്ഐടി ഡിജിപിക്ക് നൽകിയിരുന്നു. അജിത് കുമാറിന്റെ പേരെടുത്ത് പറയുന്ന റിപ്പോർട്ടിൽ കൂടുതൽ തെളിവുകളും കൈമാറിയിരുന്നു.

മർദ്ദന കേസിലെ അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്നും തെളിവില്ലന്ന് വരുത്തി പ്രതികളെ രക്ഷിക്കാൻ ശ്രമം നടത്തിയെന്നുമായിരുന്നു അജിത് കുമാറിനെതിരെ എസ്ഐടിയുടെ കണ്ടെത്തൽ. അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയടക്കം രേഖപ്പെടുത്തിയായിരുന്നു റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. എഡിജിപി അജിത് കുമാർ പറഞ്ഞിട്ടാണ് തിരുത്തൽ നടത്തിയതെന്നാണ് എസ്ഐടി റിപ്പോർട്ടിൽ പറയുന്നത്. അജിത് കുമാറിനെതിരെ മുൻ അന്വേഷണ സംഘത്തിന്റെ മൊഴി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അജിത് കുമാർ തങ്ങളെ എഡിജിപി ഓഫീസിലേക്ക് വിളിച്ചു വരുത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. റിപ്പോർട്ട് തിരുത്താൻ നിർദേശിച്ചെന്നും മൊഴിയുണ്ടായിരുന്നു.

ചൂരൽമല ഉരുൾപൊട്ടൽ കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് അജിത് കുമാർ വിളിപ്പിച്ചതെന്നും ഓഗസ്റ്റ് 12,13,14,15 തീയതികളിലായി പൊലീസ് ക്ലബിൽ താമസിപ്പിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തിരുത്താൻ ആവശ്യപ്പെട്ടതെന്നുമാണ് മൊഴി. ദുരന്തം കഴിഞ്ഞ സമയമായതിനാൽ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിക്കില്ലെന്നും ആരും അറിയില്ലെന്നും അജിത് കുമാർ പറഞ്ഞതായും മൊഴിയുണ്ട്. എം ആർ അജിത് കുമാർ മോശമായി പെരുമാറിയെന്നും ഒരു എസ്ഐ മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് തനിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും അദ്ദേഹം മൊഴി നൽകി. ഇത് തെളിയിക്കാനുള്ള മെഡിക്കൽ റിപ്പോർട്ടും എസ്ഐടി സമർപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *