കോഴിക്കോട്: സംസ്ഥാനത്ത് സ്വർണക്കള്ളക്കടത്ത് വർധിക്കുന്നതിന്റെ വ്യക്തമായ സൂചന നൽകി വിദേശത്തേക്കുള്ള കറൻസി കടത്ത് വ്യാപകമാകുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ (കരിപ്പൂർ) നിന്ന് മാത്രം 1.94 കോടി രൂപ മൂല്യം വരുന്ന വിദേശ കറൻസികളാണ് കസ്റ്റംസ് പിടികൂടിയത്. കേരളത്തിലെ വിമാനത്താവളങ്ങൾക്ക് പുറമെ മുംബൈ ഉൾപ്പെടെയുള്ള രാജ്യത്തെ പ്രധാന വിമാനത്താവളങ്ങൾ വഴിയും വൻ തോതിൽ വിദേശ കറൻസി കടത്തുന്നുണ്ടെന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിക്കുന്ന വിവരം.
കരിപ്പൂർ വിമാനത്താവളത്തിൽ 13 വ്യത്യസ്ത കേസുകളിലായാണ് 1.94 കോടിയുടെ കറൻസികൾ പിടികൂടിയത്. കഴിഞ്ഞ മാസം മാത്രം എട്ട് കേസുകളിലായി 1.03 കോടി രൂപയുടെ കറൻസി പിടിച്ചെടുത്തു. ഇതിനുപുറമെ, മെയ് മാസത്തിൽ രണ്ട് കേസുകളിലായി 12.18 ലക്ഷം രൂപയുടെയും മാർച്ചിൽ 32.13 ലക്ഷം രൂപയുടെയും ഫെബ്രുവരിയിൽ 46.65 ലക്ഷം രൂപയുടെയും വിദേശ കറൻസികളാണ് പിടികൂടിയത്. ഭൂരിഭാഗം കേസുകളിലും സി.ഐ.എസ്.എഫ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് നടപടിയെടുത്തത്. സൗദി റിയാൽ, യു.എ.ഇ ദിർഹം, ഒമാൻ റിയാൽ, യു.എസ് ഡോളർ എന്നിവയുമായി 13 പേരാണ് ഇതുവരെ പിടിയിലായത്.

വിദേശ കറൻസി കടത്ത് ഗണ്യമായി വർധിക്കുന്നത് സ്വർണക്കടത്ത് വ്യാപകമാകുന്നതിന്റെ പ്രധാന ലക്ഷണമായാണ് കസ്റ്റംസ് വിലയിരുത്തുന്നത്. യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്ന് സ്വർണം വാങ്ങുന്നതിനായി ആ രാജ്യങ്ങളുടെ കറൻസിക്ക് കരിഞ്ചന്തയിൽ വൻ ഡിമാൻഡ് വന്നിട്ടുണ്ട്. ഇതാണ് ഇന്ത്യയിൽ നിന്നുള്ള വിദേശ കറൻസി കടത്ത് വർധിക്കാൻ പ്രധാന കാരണം. സ്വർണക്കടത്ത് സംഘങ്ങൾ ഹവാല ശൃംഖലകളെ ആശ്രയിക്കുന്നതിന് പുറമെയാണ് വിമാനത്താവളങ്ങൾ വഴിയുള്ള ഈ കറൻസി കടത്ത്.
സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം കേന്ദ്ര സർക്കാർ കഴിഞ്ഞ മെയ് 13-ന് അഞ്ച് ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയർത്തിയിരുന്നു. കാർഷിക സെസും ജി.എസ്.ടിയും ഉൾപ്പെടെ നിലവിൽ സ്വർണത്തിന് 18 ശതമാനമാണ് നികുതി. ഈ നികുതി വർധനവ് ഔദ്യോഗിക സ്വർണ്ണ ഇറക്കുമതി കുറയാനും ലാഭം ലക്ഷ്യമിട്ടുള്ള കള്ളക്കടത്ത് വലിയ തോതിൽ വർധിക്കാനും കാരണമായിട്ടുണ്ട്. കരിപ്പൂരിന് പുറമെ തിരുവനന്തപുരം, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ വഴിയും കറൻസി കടത്ത് സജീവമാകുന്നതായാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ.
