ഭക്തരുടെ ക്ഷേമത്തിനും ആത്മീയതയ്ക്കും പ്രാധാന്യം നൽകണമെന്നും ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ച് നിർദേശിച്ചു
കൊച്ചി: ശബരിമല തന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കണ്ഠരര് ബ്രഹ്‌മദത്തന് ഹൈക്കോടതിയുടെ ഉപദേശം. ക്ഷേത്രത്തിന്റെ പവിത്രത, ഭരണപരമായ ആചാരമര്യാദകൾ, ഭക്തരുടെ വിശ്വാസം എന്നിവ കണക്കിലെടുത്ത് പ്രവർത്തിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.
ഉത്തരവാദിത്വങ്ങളിൽ അതീവ ഭക്തിയും ജാഗ്രതയും പുലർത്തണമെന്നും തീരുമാനങ്ങൾ പ്രതിഷ്ഠയുടെ താൽപര്യം മുൻനിർത്തി ആയിരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ മുൻഗണന നൽകണം. ഭക്തരുടെ ക്ഷേമത്തിനും ആത്മീയതയ്ക്കും പ്രാധാന്യം നൽകണമെന്നും ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ച് നിർദേശിച്ചു.
ശബരിമലയിലെ പുതിയ തന്ത്രിയായി കണ്ഠരര് ബ്രഹ്‌മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം കേരള ഹൈക്കോടതി അംഗീകരിക്കവേയാണ് നിർദേശങ്ങൾ നൽകിയത്. ദേവസ്വം ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് തീരുമാനം ഹൈക്കോടതി ശരിവെച്ചത്. ചിങ്ങം ഒന്നിന് ശബരിമല നട തുറക്കുമ്പോൾ ബ്രഹ്‌മദത്തൻ പുതിയ തന്ത്രിയായി ചുമതലയേൽക്കും. നിലവിലെ തന്ത്രി കണ്ഠരര് രാജീവരരുടെ മകനാണ് ബ്രഹ്‌മദത്തൻ.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന ബോർഡ് യോഗത്തിലാണ് പുതിയ തന്ത്രിയെ തെരഞ്ഞെടുത്തത്. മകനെ തന്ത്രിയാക്കണമെന്ന ആവശ്യം നേരത്തെ തന്നെ രാജീവരര് ബോർഡിന് മുന്നിൽവെച്ചിരുന്നു. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലായിരുന്നു തന്ത്രിയെ തീരുമാനിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ചിങ്ങ മാസ പൂജകൾക്കായി നട തുറക്കുമ്പോൾ താൻ തന്ത്രിസ്ഥാനത്ത് ഉണ്ടാവില്ലെന്ന് കാട്ടിയായിരുന്നു കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നത്. പകരം മകന് ചുമതല നൽകണമെന്നും കത്തിൽ പറഞ്ഞിരുന്നു.
