കായിക മേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന വിവാദത്തിൽ കായിക അധ്യാപകൻ ജിജോ ജെയിംസിനെ സസ്പെൻഡ് ചെയ്ത് റിമാൻഡ് ചെയ്തു. ഇയാളുടെ രാഷ്ട്രീയ പശ്ചാത്തലത്തെച്ചൊല്ലി സി പി എമ്മും കോൺഗ്രസും തമ്മിലുള്ള തർക്കം രൂക്ഷമായി
തിരുവനന്തപുരം: കായിക മേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെന്ന വിവാദത്തിൽ അറസ്റ്റിലായ കായിക അധ്യാപകൻ ജിജോ ജെയിംസിനെ റിമാൻഡ് ചെയ്തു. പെരുമ്പാവൂർ സ്വദേശിയായ ജിജോ ജെയിംസിനെ നേരത്തെ അന്വേഷണ വിധേയമായി സസ്പെൻസ് ചെയ്തിരുന്നു. അടിസ്ഥാന രഹിതമായ ആരോപണമാണെന്നും ജിജോ ജെയിംസിനെ സസ്പെൻഡ് ചെയ്യുകയാണെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു ജിജോ ജെയിംസ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ഇതിന് പിന്നാലെ സ്ഥലത്ത് സംഘർഷം ഉണ്ടായിരുന്നു. അതേസമയം ജിജോ ജെയിംസിന്റെ രാഷ്ട്രീയ പശ്ചാത്തലത്തെ ചൊല്ലി യു ഡി എഫ് – എൽ ഡി എഫ് തർക്കവും രൂക്ഷമായി. അതിനിടെ മേള അലങ്കോലമാക്കാൻ മനഃപൂർവം ശ്രമം നടക്കുന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീനും ആരോപിച്ചു.
ജിജോ ജെയിംസിന്റെ രാഷ്ട്രീയത്തിൽ തർക്കം രൂക്ഷം
കായികമേളയിലെ പുഴു വിവാദത്തിന് കാരണക്കാരനായ ജിജോ ജെയിംസിന്റെ രാഷ്ട്രീയ പശ്ചാത്തലത്തെ ചൊല്ലിയുള്ള സി പി എം – കോൺഗ്രസ് തർക്കം രൂക്ഷമായിരിക്കുകയാണ്. ജിജോ ജെയിംസ് എന്ന അധ്യാപകൻ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ചിഹ്നത്തിൽ മത്സരിച്ചയാളാണെന്ന് പി സരിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. അറസ്റ്റിലായത് കോൺഗ്രസുകാരനാണ് എന്ന് പുറത്തായപ്പോൾ ലീഗ് മുഖപത്രവും മന്ത്രിയും അടക്കം അത് സി പിഎമ്മിൻറെ തലയിൽ കെട്ടിവയ്ക്കാൻ കാണിച്ച ക്രിമിനൽ ബുദ്ധി ചില്ലറയല്ലെന്നും സരിൻ കുറിച്ചു. പി സരിൻറെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി കെ പി സി സി വക്താവ് അഡ്വ. വസന്ത് സിറിയക് രംഗത്തെത്തി. 2020 ൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചുവെന്ന കാരണത്താൽ ഒരാളെ ആറു വർഷങ്ങൾക്കിപ്പുറവും കോൺഗ്രസുകാരനായി ചിത്രീകരിക്കുകയാണെങ്കിൽ, 2021 ൽ ഒറ്റപ്പാലത്ത് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച പി സരിനും അതേ മാനദണ്ഡം ബാധകമല്ലേയെന്ന് അദ്ദേഹം ചോദിച്ചു. 2020 ൽ കോൺഗ്രസിനുവേണ്ടി മത്സരിച്ചശേഷം പ്രസ്തുത അധ്യാപകൻ പാർട്ടി വിട്ട് ഡി വൈ എഫ് ഐയിൽ ചേർന്ന് പ്രവർത്തിച്ചുവെന്ന് വാദിച്ചാണ് വസന്ത് സിറിയക് ഫേസ്ബുക്ക് പോസ്റ്റിലൂടെ സരിനെ വെല്ലുവിളിച്ചത്. അധ്യാപകൻ എപ്പോഴാണ് കോൺഗ്രസ് വിട്ടത്, എപ്പോഴാണ് ഡി വൈ എഫ് ഐയിൽ ചേർന്നത്, സരിൻ ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ എന്ത് വിശദീകരണമാണ് നൽകുന്നതെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.
