ഖത്തറിൽ കെഎംസിസിയുടെ എട്ടു കോടിയിലേറെ കവർന്ന കേസ്: റസാഖിനെ സംഘടന പദവികളിൽ നിന്ന് നീക്കി മുസ്‌ലിം ലീഗ്

കോഴിക്കോട് ∙ ഖത്തർ കെഎംസിസി (കേരള മുസ്‌ലിം കൾച്ചറൽ സെന്റർ) ഓഫിസിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ച എട്ടു കോടിയിലേറെ രൂപ (31 ലക്ഷം ഖത്തർ റിയാൽ) കവർന്ന കേസിൽ ആരോപണ വിധേയനായ ‘റൊട്ടാന റസാഖ്’ എന്ന റസാഖ് കുന്നുമ്മലിനെ കെഎംസിസിയുടെയും മുസ്‌ലിം ലീഗിന്റെയും സംഘടനാ പദവികളിൽ നിന്ന് സംസ്ഥാന മുസ്‌ലിം ലീഗ് നേതൃത്വം ഒഴിവാക്കി. കെഎംസിസിയുടെയും ലീഗിന്റെയും എല്ലാ ചുമതലകളിൽ നിന്നും റൊട്ടാന റസാഖിനെ ഒഴിവാക്കിയെന്ന് ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

‘എനിക്ക് പൈസ കിട്ടണം, വെടക്കാക്കിയാൽ മൊത്തത്തിൽ ക്രാഷ് ആകും’: കെഎംസിസി ഓഫിസിലെ കവർച്ച ക്വട്ടേഷൻ?, ശബ്ദരേഖ പുറത്ത്
ഖത്തറിലെ കെഎംസിസി പ്രവർത്തകരിൽ നിന്ന് സ്നേഹ സുരക്ഷാ പദ്ധതിയുടെ ഭാഗമായി സ്വരൂപിച്ച ലോക്കറിൽ സൂക്ഷിച്ച എട്ടു കോടിയോളം രൂപ മൂല്യമുള്ള ഖത്തർ റിയാലാണ് 2025 സെപ്റ്റംബർ 18 ന് അൽ തുമാമയിലെ കെഎംസിസി ഓഫിസിൽ കവർച്ച ചെയ്യപ്പെട്ടത്. അംഗങ്ങൾക്ക് അസുഖമോ മരണമോ സംഭവിച്ചാൽ 50,000 രൂപ മുതൽ 10 ലക്ഷം രൂപ വരെ നൽകാനായി അംഗങ്ങളിൽ നിന്ന് പ്രതിമാസം 20 റിയാൽ വീതം പിരിവെടുത്തായിരുന്നു ഈ തുക സമാഹരിച്ചിരുന്നത്. ഇത് കവർച്ച ചെയ്ത കേസിൽ നാലാമതായി പ്രതി ചേർത്ത കൊയിലാണ്ടി വിയ്യൂരിലെ ബിജെപി ബൂത്ത് പ്രസിഡന്റ് കൂടിയായ നെല്ല്യാടി സ്വദേശി പരപ്പിൻകുനിയിൽ ബാലകൃഷ്ണൻ (60) കഴിഞ്ഞ ദിവസം പൊലീസിൽ കീഴടങ്ങിയതോടെയാണ് കവർച്ചാകേസ് വീണ്ടും സജീവ ചർച്ചാ വിഷയമായത്. ഖത്തർ കെഎംസിസി വൈസ് പ്രസിഡന്റ് തലശ്ശേരി സ്വദേശി പി.കെ.അബ്ദുൽ റഹീം നൽകിയ പരാതിയിലാണ് കൊയിലാണ്ടി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. സംഭവത്തിൽ റൊട്ടാന റസാഖിന് പങ്കുണ്ടെന്ന നാലാം പ്രതി ബാലകൃഷ്ണൻ പൊലീസിന് മൊഴി നൽകിയത് ലീഗിനുള്ളിൽ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

ഇതിനു പിന്നാലെ റൊട്ടാന റസാഖിന്റെ പങ്കു സൂചിപ്പിച്ച് കേസിലെ ഒന്നാം പ്രതി ‘ബോംബെ ഷാജി’ എന്ന ഷാജഹാന്റെ ശബ്ദസന്ദേശവും പുറത്തുവന്നു. കവർച്ചയിൽ കമറുദ്ദീന്റെയും പങ്കുവെളിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നതോടെയാണ് സംഘടനാ തലത്തിൽ അടിയന്തര നടപടിയുമായി മുസ്‌ലിം ലീഗ് നേതൃത്വം രംഗത്തുവന്നത്. കവർച്ചയുമായി ബന്ധപ്പെട്ട് തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പുറത്തുവരുന്നതെന്ന് റൊട്ടാന റസാഖ് പ്രതികരിച്ചു. തന്റെ പേര് പറഞ്ഞ കൊയിലാണ്ടി സ്വദേശിയെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല. കാണാത്ത വ്യക്തി തന്നെ കണ്ടെന്ന് പറയുമ്പോൾ അതിൻറെ പിന്നിൽ എന്തൊക്കെയോ ഗൂഢാലോചനയുണ്ടെന്നാണ് താൻ മനസ്സിലാക്കുന്നത്. സത്യം എന്തായാലും ഒരു നാൾ തെളിയുമെന്നതിൽ സംശയമില്ലെന്നും റസാഖ് പ്രതികരിച്ചു.

കെഎംസിസി ഖത്തർ സ്റ്റേറ്റ് കായിക വിഭാഗം കൺവീനറും സ്റ്റേറ്റ് കൗൺസിൽ അംഗവുമായ റൊട്ടാന റസാഖിനെ എല്ലാ സംഘടനാ പദവികളിൽ നിന്നും ഒഴിവാക്കിയതായി പാർട്ടി മുഖപത്രത്തിലൂടെയാണ് സംസ്ഥാന മുസ്‌ലിം ലീഗ് നേതൃത്വം വ്യക്തമാക്കിയത്. കവർച്ചാ വിവാദത്തിൽ ലീഗുകാർ ഉൾപ്പെട്ടതായി തെളിഞ്ഞാൽ അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം വ്യക്തമാക്കിയിരുന്നു. ഖത്തർ കെഎംസിസി ഓഫിസ് കവർച്ചയിൽ നാലാം പ്രതിയായ ബാലകൃഷ്ണന്റെയും ഒന്നാം പ്രതി ബോംബെ ഷാജിയുടെയും വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കൂടുതൽ പേരെ കേസിൽ പ്രതി ചേർക്കുമെന്നാണ് സൂചന.

കേസിൽ പ്രതികളായ കൊയിലാണ്ടി സ്വദേശി ബോബൈ ഷാജി(ഷാജഹാൻ), പയ്യോളി സ്വദേശി റാഷി, ബാവ (സ്വാലിഹ്), മമ്മളി (ഹസൻ), നിസാർ എന്നിവർ ഒളിവിലാണ്. ബോംബെ ഷാജി ബോംബെ ഷാജിയുടെ വെളിപ്പെടുത്തലിൽ റൊട്ടാന റസാഖിന്റെ സഹോദരനും ആരോപണനിഴലിലാണ്. കേസിൽ പങ്കില്ലെന്നും ആരോപണങ്ങൾക്ക് പിന്നിൽ തുറയൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ ആണെന്നും സൂചിപ്പിച്ച് കാക്കച്ചി കമറു എന്ന കമറുദ്ദീനും സമൂഹമാധ്യമത്തിലെ വിഡിയോയിലൂടെ രംഗത്തുവന്നു.

Leave a Reply

Your email address will not be published. Required fields are marked *